ഉൾനാടൻ തുറമുഖ നിർമ്മാണ കരാറിന് അന്തിമരൂപം നൽകി കാൽഗറിയും റോക്കി വ്യൂ കൗണ്ടിയും

By: 600110 On: Feb 27, 2025, 3:34 PM

 

കാൽഗറിയും റോക്കി വ്യൂ കൗണ്ടിയും ഉൾനാടൻ തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിന് അന്തിമരൂപം നൽകി,  ഏഴ് ബില്യൺ ഡോളറിൻ്റെ സാമ്പത്തിക ഇടപാടുകൾ ഈ തുറമുഖം വഴിനടക്കുമെന്നാണ് വിലയിരുത്തൽ. പ്രെയറി ഇക്കണോമിക് ഗേറ്റ്‌വേ കരാർ എന്നാണ് കരാറിന് പേര് നല്കിയിരിക്കുന്നത്. 

കനേഡിയൻ പസഫിക് കൻസാസ് സിറ്റി റെയിൽ ശൃംഖല ഉപയോഗപ്പെടുത്തും വിധം കാൽഗറിയുടെ കിഴക്കൻ അതിർത്തിക്ക് സമീപമാണ് തുറമുഖം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. പ്രവിശ്യകൾ തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ആഗോള വിപണികളിലേക്കുള്ള പ്രവേശനവും സാധ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉൽപ്പാദനം, ലോജിസ്റ്റിക്‌സ്, സംസ്‌കരണം, വിതരണം എന്നിവയിൽ പുതിയ അവസരങ്ങളും പുതിയ പദ്ധതിയിലൂടെ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ 12 വർഷത്തിനകം മുപ്പതിനായിരത്തോളം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇരു നഗരസഭകളും കരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്തി വരിയായിരുന്നു. മുനിസിപ്പാലിറ്റികൾ ഒരുമിച്ച് പ്രവർത്തിച്ച് തൊഴിലവസരങ്ങളും വ്യവസായ വികസനവും സാധ്യമാക്കാൻ കഴിയും എന്നതിൻ്റെ  ഉദാഹരണമാണ് പ്രെയറി ഇക്കണോമിക് ഗേറ്റ്‌വേ എന്ന് റോക്കി വ്യൂ കൗണ്ടി ഉദ്യോഗസ്ഥൻ ക്രിസ്റ്റൽ കിസൽ പറഞ്ഞു.