കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യാപാരം വൈവിധ്യവത്കരിക്കാന്‍ ജര്‍മ്മനിയുമായി കൂട്ടുപിടിച്ച് കാനഡ. കനേഡിയന്‍ കമ്പനികളും നയതന്ത്രജ്ഞരും യൂറോപ്യന്‍ സഹപ്രവര്‍ത്തകരുമായി പ്രവര്‍ത്തിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും വ്യാപാരം വൈവിധ്യവത്കരിക്കുന്നതിലൂടെയും അമേരിക്കന്‍ താരിഫ് ഭീഷണികളെ നേരിടാനുള്ള അവസരമുണ്ടാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് കാനഡയിലെ ജര്‍മ്മന്‍ അംബാസഡര്‍ ജോര്‍വെന്‍ ബെല്‍മാന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേളയായ ഹാനോവര്‍ മെസ്സെയ്ക്ക് മുന്നോടിയായി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജര്‍മ്മനിയിലെ വാര്‍ഷിക പരിപാടിയാണ് ഇത്. ഈ വര്‍ഷത്തെ പങ്കാളിരാജ്യമാണ് കാനഡ.
കാനഡയിലെ യൂറോപ്യന്‍ അംബാസഡര്‍മാരില്‍ ഒരാളാണ് താനെന്നും അറ്റ്‌ലാന്റിക്കിന്റെ ഇരുവശങ്ങളിലുമുള്ള കോര്‍പ്പറേഷനുകളുമായും ഗവേഷകരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.