ആല്‍ബെര്‍ട്ടയില്‍ സമരത്തിനിടയില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിദ്യാഭ്യാസം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം

By: 600002 On: Feb 27, 2025, 11:53 AM

 


സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍-പേഴ്‌സണ്‍ ലേണിംഗ് ഓപ്ഷന്‍ നല്‍കാന്‍ സ്‌കൂള്‍ ഡിവിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആല്‍ബെര്‍ട്ട വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സ് അറിയിച്ചു. എഡ്മന്റണ്‍, കാല്‍ഗറി, ഫോര്‍ട്ട്മക്മറെ എന്നിവടങ്ങളില്‍ എജ്യുക്കേഷണല്‍ അസിസ്റ്റന്റ്‌റ് മുതല്‍ കഫ്റ്റീരിയ സ്റ്റാഫുകള്‍ വരെയുള്ള 6,000 ജീവനക്കാരാണ് പണിമുടക്കുന്നത്. സമരത്തിനിടയില്‍ പഠിക്കാന്‍ സങ്കീര്‍ണത നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠന ക്ലാസുകള്‍ നല്‍കാന്‍ സ്‌കൂളുകള്‍ക്ക് ഇളവ് നല്‍കാന്‍ മന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ ഉത്തരവ് കോടതിയില്‍ ജഡ്ജി തടഞ്ഞു. 

കോടതി വിധി ഗൗരവമായി കാണുന്നുവെന്നും മന്ത്രിമാരുടെ ഉത്തരവുകളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിജയത്തിനും മാനസിക ക്ഷേമത്തിനും വ്യക്തിപര പഠനം പ്രധാനമാണ്. അതിനാല്‍ സമരത്തിനിടയിലും ഇന്‍-പേഴ്‌സണ്‍ ലേണിംഗ് തുടരുന്നതിന് ആല്‍ബെര്‍ട്ടയിലെ സര്‍ക്കാര്‍ സ്‌കൂളുകളുമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, 3,700 ലധികം കുട്ടികളെ നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം രക്ഷിതാക്കള്‍ മുന്‍ ഉത്തരവിനെതിരെ പ്രവിശ്യാ കോടതിയെ സമീപിച്ചിരുന്നു.