കീസ്റ്റോൺ എക്സ് എൽ പൈപ്പ്‌ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

By: 600110 On: Feb 26, 2025, 3:39 PM

കീസ്റ്റോൺ എക്സ് എൽ പൈപ്പ്‌ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ  ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . പദ്ധതിക്ക് വേഗത്തിൽ അംഗീകാരങ്ങൾ നൽകാൻ തയ്യാറാണെന്നും ട്രംപ് വാഗ്ദാനം ചെയ്തു. പരിസ്ഥിതി പ്രവർത്തകർ എതിർത്തിരുന്ന പൈപ്പ് ലൈൻ പദ്ധതിക്ക്  ബൈഡൻ ഭരണകൂടം നേരത്തെ അനുമതി റദ്ദാക്കിയിരുന്നു. ആ പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് ട്രംപിൻ്റെ  ശ്രമം.    

ട്രംപിൻ്റെ പ്രഖ്യാപനത്തിന് ആൽബെർട്ടയിലെയും സസ്‌കാച്ചെവാനിലെയും പ്രീമിയർമാരിൽ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 2021 ൽ പദ്ധതി റദ്ദാക്കിയത് ആൽബെർട്ടയെ ഒരു ബില്യൺ ഡോളറിലധികം നഷ്ടത്തിലേക്കാണ്  തള്ളിവിട്ടിരുന്നു. ആൽബർട്ടയിലെ എണ്ണ ഖനന മേഖലയിൽ നിന്ന് പ്രതിദിനം 83000 ബാരൽ എണ്ണ നെബ്രാസ്കയിലെ റിഫൈനറികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2008ലാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. തിങ്കളാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പൈപ്പ്‌ലൈൻ നിർമ്മിക്കുന്ന കമ്പനിയോട്  അമേരിക്കയിലേക്ക് മടങ്ങിവരാൻ ട്രംപ് ആവശ്യപ്പെട്ടത്. തന്റെ ഭരണകൂടം ഇതിന് എളുപ്പത്തിലുള്ള അംഗീകാരം നൽകുമെന്നും പദ്ധതി ഉടൻ തന്നെ തുടങ്ങാനാകുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു.