ചാരവൃത്തി, തെറ്റായ വിവരങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ ബിസിനസുകാരനെ കാനഡ വിലക്കി. ഇന്ത്യൻ കമ്പനിയായ ശ്രീവാസ്തവ ഗ്രൂപ്പിനും വൈസ് ചെയർമാൻ അങ്കിത് ശ്രീവാസ്തവയ്ക്കുമാണ് വിലക്ക്. തെറ്റായ വിവരങ്ങൾ നൽകുന്ന പ്രചാരണങ്ങൾ നടത്തുകയും കനേഡിയൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം.
മാധ്യമ രംഗത്തും ഒപ്പം എണ്ണ, വാതക മേഖലകളിലും ബിസിനസ് ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി രഹസ്യ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നുവെന്ന് കനേഡിയൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കമ്പനി വൈസ് ചെയർമാൻ അങ്കിത് ശ്രീവാസ്തവ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട രേഖകൾ പ്രകാരം, കനേഡിയൻ രാഷ്ട്രീയക്കാരെ സ്വാധീനിക്കാൻ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ അങ്കിത് ശ്രീവാസ്തവയെ ചുമതലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു. കാനഡയ്ക്ക് ഗുരുതരമായ ഭീഷണിയായി കണക്കാക്കുകയും ഒപ്പം തിരഞ്ഞെടുപ്പ് ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയുമാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അങ്കിത് ശ്രീവാസ്തവയെ വിലക്കിയത്