കാണാതായ ഇന്ത്യൻ വംശജയ്ക്കായി ഹാമിൽട്ടൻ പൊലീസ് തിരച്ചിൽ തുടരുന്നു

By: 600110 On: Feb 26, 2025, 3:17 PM

 

ഡിസംബറിൽ കാണാതായ ഇന്ത്യൻ വംശജ ശാലിനി സിംഗിനായി ഹാമിൽട്ടൺ പൊലീസ്  മാലിന്യക്കൂമ്പാരത്തിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നു. കൊല ചെയ്യപ്പെട്ട് മാലിന്യക്കൂമ്പാരത്തിൽ തള്ളിയിരിക്കാം എന്ന സംശയത്തിലാണ് പൊലീസ്.

40 കാരിയായ ശാലിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട തെളിവുകൾക്കായാണ് ഹാമിൽട്ടൺ പോലീസിന്റെ നരഹത്യ വിഭാഗം ഗ്ലാൻബ്രൂക്ക് ലാൻഡ്ഫില്ലിൽ തിരച്ചിൽ നടത്തുന്നത്. ഡിസംബർ നാലിനാണ് ശാലിനിയെക്കുറിച്ച് അവസാനമായി വിവരം ലഭിച്ചത്. ആറ് ദിവസത്തിന് ശേഷവും ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്നാണ് അവരുടെ കുടുംബം കാണാതായെന്ന് കാണിച്ച് പരാതി നൽകിയത്. ആൺസുഹൃത്തിനൊപ്പം  കാണാതായി എന്ന കേസായിട്ടാണ് പൊലീസ്  ആദ്യം അന്വേഷണം  ആരംഭിച്ചത്. എന്നാൽ ഡിസംബർ 11 ന് സുഹൃത്തിനെ പൊലിസ് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇയാൾ   അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ശാലിനിയെ കണ്ടെത്താൻ സഹായിക്കുന്ന ഒരു വിവരവും നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സുഹൃത്തിനെ കൂടി അന്വേഷണ പരിധിയിൽ പെടുത്താനാണ് പൊലീസിൻ്റെ നീക്കം. ശാലിനി  അപ്പാർട്ട്മെന്റിനുള്ളിൽ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം  കെട്ടിടത്തിലെ മാലിന്യ സംവിധാനത്തിലൂടെയാണ് സംസ്കരിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.  അന്വേഷണത്തിന്റെ തുടക്കത്തിൽ, കെനോറ വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. അപ്പാർട്ട്മെന്റിൽ നിന്നുള്ള മാലിന്യത്തിന്റെ ഭൂരിഭാഗവും ഇതിനകം ഗ്ലാൻബ്രൂക്ക് ലാൻഡ്ഫില്ലിലേക്ക് മാറ്റിയതായി ഡിറ്റക്ടീവുകൾ പിന്നീട് കണ്ടെത്തി.