കാല്‍ഗറിയുടെ നഗരപരിധിയില്‍ അപകടസ്ഥലത്ത് പ്രവേശിക്കുന്ന ടോ ട്രക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കാല്‍ഗറി സിറ്റി. അപകടസ്ഥലത്ത് അനുമതിയില്ലാതെ പ്രവേശിക്കുന്ന ടോ ട്രക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കാല്‍ഗറി ട്രാഫിക് ബൈലോ, സ്ട്രീറ്റ് ബൈലോ എന്നിവയിലെ ഭേദഗതികള്‍ ചൊവ്വാഴ്ച സിറ്റി കൗണ്‍സില്‍ പാസാക്കി.
പുതിയ നിയമപ്രകാരം, നഗരത്തില്‍ 200 മീറ്റര്‍ ചുറ്റളവില്‍ കൂട്ടിയിടിയോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ എമര്‍ജന്‍സി റെസ്പണ്ടോഴ്‌സോ, വാഹന ഉടമയോ, ഓപ്പറേറ്ററോ ആവശ്യപ്പെടാതെ ടോവിംഗ് സര്‍വീസ് വാഹനത്തിന് അവിടേക്ക് പ്രവേശിക്കാനോ പ്രവര്‍ത്തിക്കാനോ സാധിക്കില്ല. നിയമം തെറ്റിച്ച് അനുമതിയില്ലാതെ പ്രവേശിക്കുന്ന ടോ ട്രക്ക് ഓപ്പറേറ്റര്‍ക്ക് 10,000 ഡോളര്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. ടോ ട്രക്ക് ഓപ്പറേറ്റര്‍മാര്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷാ അപകടസാധ്യത സൃഷ്ടിക്കുകയും അപകടത്തില്‍പ്പെടുന്നവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി. 200 മീറ്റര്‍ ബഫര്‍സോണ്‍ സംഭവസ്ഥലത്തെ വ്യക്തികള്‍ക്ക് സുരക്ഷ ഒരുക്കുകയും അടിയന്തര സഹായം ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് സിറ്റി വ്യക്തമാക്കി.
പുതിയ നിയമം സ്വാഗതാര്‍ഹമാണെന്ന് ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍ പ്രതികരിച്ചു. ആളുകളില്‍ നിന്നും അനാവശ്യമായി പണം ഈടാക്കുന്ന ടോ ട്രക്ക് ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നതിന് ഈ മാറ്റങ്ങള്‍ വളരെയധികം സഹായിക്കുമെന്ന് എഎംഎ പറഞ്ഞു.