ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നരലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി കനേഡിയന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കാനഡയെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും രാജ്യത്തെ അമേരിക്കയുടെ 51 ആം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി മസ്‌കിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ ജനത രംഗത്തെത്തിയത്. എന്നാല്‍ പെറ്റീഷനെതിരെ പ്രതികരണവുമായി ഇലോണ്‍ മസ്‌കും രംഗത്തെത്തിയിട്ടുണ്ട്.
തന്റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ത്തുമ്പോള്‍ കാനഡ യഥാര്‍ത്ഥ രാജ്യമല്ല എന്ന പരാമര്‍ശമാണ് മസ്‌ക് നടത്തിയിരിക്കുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് വിവാദമുയര്‍ന്നപ്പോള്‍ മസ്‌ക് ഡിലീറ്റ് ചെയ്ത നിലയിലാണ്. എന്നാല്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അതിനെതിരെ വിമര്‍ശനങ്ങളുമായി കനേഡിയന്‍ പൗരന്മാരും മറുപടികള്‍ നല്‍കുന്നുണ്ട്.
ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരി ക്വാലിയ റീഡിന്റെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെങ്കിലും അമ്മ വഴിയാണ് മസ്‌കിന് കാനഡയില്‍ പൗരത്വം ലഭിച്ചത്.