കാനഡയില്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ വര്‍ധിപ്പിക്കുന്നത് നഗ്ഗറ്റ്‌സ്, ഫ്രൈ, സോഡ തുടങ്ങിയ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണവിഭവങ്ങളാണെന്നും ഈ ഇഷ്ടവിഭവങ്ങള്‍ കാരണം മരണം വരെ സംഭവിക്കുന്നുവെന്നും ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ ഓഫ് കാനഡയുടെ പഠനം. രാജ്യത്ത് പത്തില്‍ നാല് പേര്‍ക്ക് ഹൃദ്രോഗവും സ്‌ട്രോക്കും ഉണ്ടാകുന്നത് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം മൂലമാണെന്ന് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 വയസ്സും അതില്‍ കൂടുതലുമുള്ള കനേഡിയന്‍ ജനതയുടെ മൊത്തം ദൈനംദിന ഊര്‍ജ ഉപഭോഗത്തിന്റെ 40 ശതമാനത്തിലധികം അള്‍ട്രാ പ്രോസസ്ഡ് ഫുഡ് വഴിയാണന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2019 ല്‍ പ്രായപൂര്‍ത്തിയായവരിലുണ്ടാകുന്ന കോറോണറി ഹൃദ്രോഗ, സ്‌ട്രോക്ക് കേസുകളില്‍ 37 ശതമാനം അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണ ഉപഭോഗത്തെ തുടര്‍ന്നാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ 38 ശതമാനവും അള്‍ട്രാ പ്രോസസ്ഡ് ഫുഡ് തന്നെയാണ് മുഖ്യകാരണം. ശീതളപാനീയങ്ങള്‍, ചിപ്‌സ്, ചോക്ക്‌ളേറ്റ്, മിഠായി, ഐസ്‌ക്രീം, മധുരമുള്ള ധാന്യങ്ങള്‍, പാക്കേജ്ഡ് സൂപ്പുകള്‍, ഹോട്ട്‌ഡോഗ് തുടങ്ങിയവയാണ് അള്‍ട്രാ പ്രോസസ്ഡ് ചെയ്ത ചില ഭക്ഷണ വിഭവങ്ങള്‍.
ഇത്തരം ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ കൂടുതലായിരിക്കും. ഇതാണ് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്നത്. പോഷകങ്ങളുടെ അഭാവം, ഗുണനിലവാരമില്ലായ്മ എന്നിവയും രോഗകാരണങ്ങളാണ്. കൂടാതെ, എത്ര കഴിച്ചാലും വയറ്‌നിറഞ്ഞതായി തോന്നാത്തതിനാല്‍ കൂടുതല്‍ കഴിക്കുകയും അതുവഴി ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി പിന്നീട് ഹൃദ്രോഗങ്ങളിലേക്കും സ്‌ട്രോക്ക് സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.