ആൽബർട്ടയിൽ ജനസംഖ്യ വർധനയ്ക്ക് അനുസൃതമായി മെഡിക്കൽ സ്കൂളുകൾക്ക് കൂടുതൽ പണവും സീറ്റുകളും അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നു

By: 600110 On: Feb 25, 2025, 4:29 PM

ആൽബർട്ടയിൽ മെഡിക്കൽ സ്കൂളുകൾക്ക്  കൂടുതൽ പണവും സീറ്റുകളും അനുവദിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് മെഡികെയർ   ആവശ്യപ്പെട്ടു. ആൽബെർട്ടയിലെ ജനസംഖ്യ സമീപ വർഷങ്ങളിൽ കുതിച്ചുയർന്നിട്ടുണ്ടെങ്കിലും, പ്രവിശ്യയിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്ന്  സംഘം മുന്നറിയിപ്പ് നൽകുന്നു. 

2015 മുതൽ 2022 വരെ, കാൽഗറി സർവകലാശാലയിലെയും ആൽബർട്ട സർവകലാശാലയിലെയും മെഡിക്കൽ സ്കൂളുകളിൽ ഓരോ വർഷവും ആകെ 312 വിദ്യാർത്ഥികളായിരുന്നു പ്രവേശനം നേടിയത്. കാൽഗറി സർവകലാശാലയിലെ കമ്മിംഗ് സ്കൂൾ ഓഫ് മെഡിസിൻ 150 വിദ്യാർത്ഥികളും പ്രവേശനം നേടി. അതേസമയം ആൽബർട്ട സർവകലാശാല ഫാക്കൽറ്റി ഓഫ് മെഡിസിൻ 162 പേർക്കാണ്  അഡ്മിഷൻ നൽകിയത്. കഴിഞ്ഞ ദശകത്തിൽ  ജനസംഖ്യ കുതിച്ചുയർന്നു എങ്കിലും അതിനനുസൃതമായി മറ്റ് സൌകര്യങ്ങളിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. 2012ൽ ആൽബർട്ടയിലെ ജനസംഖ്യ 3.87 ദശലക്ഷം ആയിരുന്നു. ഈ വർഷത്തോടെ അത് അഞ്ച് ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ വർഷം കാൽഗറി സർവ്വകലാശാല 180 വിദ്യാർഥികൾക്കും ആൽബർട്ട സർവ്വകലാശാല 192 വിദ്യാർഥികൾക്കുമാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നല്കുന്നത്. കാൽഗറി മെഡിക്കൽ സ്കൂളിൻ്റേത് മൂന്ന് വർഷവും ആൽബർട്ട സർവ്വകലാശാലയുടേത് നാല് വർഷത്തെയും മെഡിക്കൽ കോഴ്സുകളാണ്. അതിനാൽ മെഡിക്കൽ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കിയാൽ അവർ സ്വയം പ്രാക്ടീസിന് സജ്ജമാകാൻ വീണ്ടും വർഷങ്ങളെടുക്കും. അതിനാൽ മെഡിക്കൽ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നാണ് ആവശ്യം ഉയരുന്നത്. 

അതിനിടെ ഡോക്ടർമാർക്ക് ദേശീയ ലൈസൻസ് നടപ്പാക്കണമെന്ന ആവശ്യവുമായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. അതിലൂടെ ഡോക്ടർമാർക്ക് ഏത് പ്രവിശ്യയിലും പ്രാക്ടീസ് ചെയ്യാൻ കഴിയും. ഇത് ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇവർ വ്യക്തമാക്കി