ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത തീവ്രവാദ സംഘടനയായ സമിഡൗണിൻ്റെ നേതാവ് ഷാർലറ്റ് കേറ്റ്സിനെതിരെ വിമർശനങ്ങൾ ഉയരുന്നു. ബെയ്റൂട്ടിൽ നടന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ഷാർലറ്റ് കേറ്റ്സ് അവിടെ നിന്നുള്ള ഫോട്ടോകളും എക്സിൽ പങ്കു വച്ചിരുന്നു. നസ്‌റല്ലയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന സന്ദേശം പോസ്റ്റ് ചെയ്യുകയും പലസ്തീൻ പതാക പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കിടുകയുമാണ് ചെയ്തത്.
പലസ്തീൻ വിമോചനത്തിനായുള്ള പോപ്പുലർ ഫ്രണ്ടുമായി സമിഡൗണിന് ബന്ധമുണ്ടെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഡേവിഡ് മക്ഗിൻ്റിയുടെ ഓഫീസ് അറിയിച്ചു. ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് കാനഡ പരിഗണിക്കുന്നത്. കേറ്റ്സ് ഔദ്യോഗികമായി കാനഡയെ പ്രതിനിധീകരിച്ചല്ല ചടങ്ങിൽ പങ്കെടുത്തതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി . മുൻ ഗ്രീൻ പാർട്ടി നേതാവ് ദിമിത്രി ലാസ്കറിസും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. കടുത്ത ഇസ്രയേൽ വിരുദ്ധയായ കേറ്റ്‌സ് മുമ്പ് വാൻകൂവറിൽ അറസ്റ്റിലായിരുന്നുവെങ്കിലും ഹമാസ് ഭീകരാക്രമണങ്ങളെ പ്രശംസിച്ചതിന് കേസെടുത്തിരുന്നില്ല.കേറ്റ്സ് ചടങ്ങിൽ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൻ കീഴിൽ കാനഡ തീവ്രവാദ സംഘടനകളുടെ താവളമായി മാറിയിരിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്.