തങ്ങളുടെ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് കാറുകളുടെ പെയിന്റ് അടര്‍ന്നുപോകുന്നുവെന്ന പരാതിയുമായി കാനഡയിലെ ഹ്യുണ്ടായ് കാറുടമകള്‍ രംഗത്ത്. കാനഡ കൂടാതെ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നിരവധി ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും പ്രശ്‌നം നേരിടുന്നവര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ക്യുബെക്കില്‍ ഹ്യുണ്ടായ്‌ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. പെയിന്റ് അടര്‍ന്നുപോകുമെന്ന് പേടിച്ച് കാര്‍ കഴുകാന്‍ വരെ തങ്ങള്‍ക്കാകുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.
എന്നാല്‍ പരാതികള്‍ ഉയര്‍ന്നിട്ടും പ്രശ്‌നങ്ങള്‍ അപൂര്‍വ്വമാണെന്നും ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് പ്രസ്താവനയില്‍ ഹ്യുണ്ടായ് കാനഡ പ്രതികരിക്കുന്നത്. അതേസമയം, ഓണ്‍ലൈനില്‍ ഹ്യുണ്ടായ് കാനഡയുടെ വാറന്റി പ്രോഗ്രാം അനുസരിച്ച് പെയിന്റ് മൂന്ന് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ മാത്രമാണ് നിലനില്‍ക്കുക എന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, 2017, 2018 മോഡല്‍ എലാന്‍ട്ര, സൊണാറ്റ, സാന്റഫെ സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഹ്യുണ്ടായ് യുഎസ്എ പെയിന്റ് വാറന്റി എക്സ്റ്റന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചില വെള്ള കാറുകളുടെ പെയിന്റ് അടര്‍ന്നുപോകുന്നത് ഇന്‍ഡസ്ട്രി വ്യാപകമായ പ്രശ്‌നമാണെന്നും ഉടമകള്‍ അവരുടെ പ്രാദേശിക ഡീലര്‍ഷിപ്പുമായോ ഹ്യുണ്ടായിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായോ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു. കാറുകളിലെ പെയിന്റ് പ്രയോഗിക്കുന്ന രീതിയാണ് പ്രശ്‌നത്തിന്റെ ഉറവിടമെന്ന് കെമിക്കല്‍ എഞ്ചിനിയറായ സ്റ്റീഫന്‍ ഗെയ്‌സ്‌കി പറയുന്നു. ഒരു വാഹനത്തിന്റെ പെയിന്റ് കുറഞ്ഞത് 10 മുതല്‍ 15 വര്‍ഷം വരെ നീണ്ടുനില്‍ക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പെയിന്റ് അടിക്കുന്നതിലെ അപാകത ഉടമകളെ നിരാശരാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ അറ്റകുറ്റപ്പണി ചെയ്ത് പെയിന്റ് ചെയ്യണമെങ്കില്‍ ചെലവും വളരെയധികമാണ്. ഇതും ഉടമകള്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ ഹ്യുണ്ടായ് നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ഉടമകള്‍.