തിങ്കളാഴ്ച നോര്‍ത്ത് കാല്‍ഗറിയില്‍ രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് മോഷണങ്ങള്‍ നടന്നതായി പോലീസ്. രണ്ട് ബാങ്കുകളിലും ഒരു ഗ്യാസ് സ്‌റ്റേഷനിലുമായാണ് മോഷണങ്ങള്‍ നടന്നിരിക്കുന്നത്. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 4 സ്ട്രീറ്റിനും 68 അവന്യു എന്‍ഡബ്ല്യുവിനും സമീപമുള്ള ഗ്യാസ് സ്റ്റേഷനില്‍ 10.45 ഓടെയാണ് ആദ്യ മോഷണം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് പോലീസെത്തിയപ്പോഴേക്കും കറുത്ത എസ്‌യുവിയില്‍ പ്രതി കടന്നുകളഞ്ഞു. 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്.
പിന്നീട് 12.30 ഓടുകൂടി ഫാള്‍ക്കണ്‍റിഡ്ജ് ഡ്രൈവ് എന്‍ഇ യിലുള്ള ബാങ്കിലാണ് മോഷണം നടന്നത്. ഇവിടെ മോഷണം നടത്തിയാള്‍ക്ക് 40 വയസോടടുത്ത് പ്രായമുണ്ട്. മൂന്നാമത് മോഷണം നടന്നത് 30 മിനിറ്റ് കഴിഞ്ഞ് സാഡില്‍ടൗണ്‍ സര്‍ക്കിള്‍ എന്‍ഇയ്ക്ക് സമീപമുള്ള ബാങ്കിലാണ്. ഇവിടെ മോഷണം നടത്തിയ പ്രതിക്ക് 30 വയസിനും 50 വയസിനും ഇടയിലാണ് പ്രായം തോന്നിക്കുന്നത്. ഈ മൂന്ന് മോഷണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.