സമാധാന കരാറിന്റെ ഭാഗമായി ഉക്രെയ്‌നിലേക്ക് കനേഡിയന്‍ സൈനികരെ അയക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കണ്ടുകെട്ടിയ റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കാനഡ ഉക്രെയ്‌നിന് അഞ്ച് ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കീവില്‍ നടന്ന സമാധാന-സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രൂഡോ.
ഉക്രെയ്‌നിലെ സുരക്ഷ നിലനിര്‍ത്താന്‍ സൈന്യത്തെ അയക്കാന്‍ കാനഡ തയാറാണോ എന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്, വിഷയം പരിഗണനയിലുണ്ടെന്നും കാനഡ ഏതെങ്കിലും വിധത്തില്‍ ഉക്രെയ്‌നിന്റെ സുരക്ഷയ്ക്കായി ഇടപെടുമെന്നും ട്രൂഡോ മറുപടി നല്‍കി. 2022 ന് ശേഷം ട്രൂഡോയുടെ ഉക്രെയ്‌നിലേക്കുള്ള നാലാമത്തെ സന്ദര്‍ശനമാണിത്.