കാലിഫോര്‍ണിയ: അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ടെക്ക് ഭീമനായ ആപ്പിൾ പ്രഖ്യാപിച്ചു. ടെക്സാസില്‍ ഒരു വലിയ എഐ സെർവർ ഫാക്ടറിയും രാജ്യത്തുടനീളം ഏകദേശം 20,000 ഗവേഷണ വികസന ജോലികൾ സൃഷ്‍ടിക്കുന്നതും ഈ നിക്ഷേപത്തിൽ ഉൾപ്പെടും. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള ആപ്പിള്‍ സിഇഒ ടിം കുക്കിന്‍റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആപ്പിളിന്‍റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ നീക്കം, ആപ്പിളിന്‍റെ യുഎസിലെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് പിന്നിലുണ്ട് എന്നാണ് അനുമാനം.
അടുത്ത നാല് വർഷത്തിനുള്ളിൽ, ആപ്പിൾ ഏകദേശം 20,000 പേരെ നിയമിക്കാൻ പദ്ധതിയിടുന്നു. അതിൽ ഭൂരിഭാഗവും ഗവേഷണ വികസനം, സിലിക്കൺ എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ വികസനം, എഐ, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തുടനീളമുള്ള ആപ്പിളിന്‍റെ ഗവേഷണ വികസന കേന്ദ്രങ്ങളിൽ ഗണ്യമായ നിക്ഷേപം ഉൾപ്പെടുന്നു. കസ്റ്റം സിലിക്കൺ, ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, സോഫ്റ്റ്‌വെയർ വികസനം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിവ ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎസിൽ ഉടനീളം വളരുന്ന ടീമുകളും ഇതിൽ ഉൾപ്പെടുന്നു.
ഈ 500 ബില്യൺ ഡോളർ ചെലവ് യുഎസ് വിതരണക്കാരുടെ വാങ്ങലുകൾ മുതൽ ആപ്പിൾ ടിവി+ ക്കായി ടെലിവിഷൻ ഷോകളുടെയും സിനിമകളുടെയും ചിത്രീകരണം അടക്കം എല്ലാ ചിലവുകളും ഉൾക്കൊള്ളുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഐഫോണുകൾക്കായി ഗ്ലാസ് നിർമ്മിക്കുന്ന കെന്‍റക്കിയിലെ കോർണിംഗ് പോലുള്ള പങ്കാളികൾ ഉൾപ്പെടുന്ന യുഎസ് വിതരണ കേന്ദ്രത്തിനായി എത്ര തുക ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആപ്പിള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഐഫോൺ, ഐപാഡ്, മാക്, എയർപോഡുകൾ, ആപ്പിൾ വാച്ച്, ആപ്പിൾ വിഷൻ പ്രോ എന്നിവയിലൂടെ ആപ്പിൾ ടെക്ക് ലോകത്ത് ശക്തമായ സാന്നിധ്യമാണ്. ആപ്പിളിന്‍റെ ആറ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമുകളായ iOS, iPadOS, macOS, watchOS, visionOS, tvOS തുടങ്ങിയവ എല്ലാ ആപ്പിൾ ഡിവൈസുകളിലും സുഗമമായ അനുഭവങ്ങൾ നൽകുന്നു. ഒപ്പം ആപ്പ് സ്റ്റോർ, ആപ്പിൾ മ്യൂസിക്, ആപ്പിൾ പേ, ഐക്ലൗഡ്, ആപ്പിൾ ടിവി+ എന്നിവയുൾപ്പെടെയുള്ള മികച്ച സേവനങ്ങൾ വാഗ്‍ദാനം ചെയ്യുന്നുവെന്നും ആപ്പിളിന്‍റെ 150,000-ത്തിലധികം ജീവനക്കാർ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ സമർപ്പിതരാണെന്നും കമ്പനി പറയുന്നു.