ആൽബർട്ടയിൽ അമിത വിലയുള്ള മെഡിക്കൽ കരാറുകൾ നേടിയെടുത്തതിന് വിവാദത്തിലായ കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്ത്. ശസ്ത്രക്രിയകൾക്ക് സർക്കാർ ആശുപത്രിയിൽ ഈടാക്കുന്നതിന് ഇരട്ടി തുകയാണ് ഈ കമ്പനി ഈടാക്കുന്നതെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.
ആൽബർട്ട ഹെൽത്ത് സർവീസസിൻ്റെ മുൻ തലവൻ ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. അടുത്ത കാലം വരെ എഡ്മണ്ടണിലെ സർക്കാർ ആശുപത്രികളിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഏകദേശ ചിലവ് 4,000 ഡോളറോളം ആയിരുന്നു. എന്നാൽ ആൽബർട്ട സർജിക്കൽ ഗ്രൂപ്പ് സർക്കാരിൽ നിന്ന് 8,300 ഡോളറാണ് ഇതിനായി ഈടാക്കുന്നത്. ഇതേ ശസ്ത്രക്രിയയ്ക്ക് മറ്റൊരു സ്വകാര്യ കമ്പനി ഈടാക്കുന്നത് വെറും 3,600ളം ഡോളർ മാത്രമാണ്. എന്നാൽ കരാർ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കമ്പനിയുടെ അഭിഭാഷക റോസ് കാർട്ടർ പറഞ്ഞത്. ഇടുപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള ആൽബർട്ടയിലെ ശരാശരി ചെലവ് $10,700 ആണ് എന്ന് 2021-22 ലെ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി കാർട്ടർ വ്യക്തമാക്കി.