ആഭ്യന്തര വ്യാപാരം കൂടുതൽ സുഗമമാക്കാനുള്ള തീരുമാനങ്ങളുമായി കനേഡിയൻ സർക്കാർ

By: 600110 On: Feb 24, 2025, 2:58 PM

 

ആഭ്യന്തര വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നയങ്ങളും നിയമങ്ങളും നീക്കം ചെയ്യാനൊരുങ്ങി കനേഡിയൻ സർക്കാർ.
വ്യാപാര ആവശ്യങ്ങൾക്ക് അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ്  നിർണായകമായ ഈ നീക്കം. 

കാനഡ സ്വതന്ത്ര വ്യാപാര കരാർ (CFTA) നടപ്പിലാക്കുന്നതിന് നിയോഗിച്ച ആഭ്യന്തര വ്യാപാര സമിതിയുടെ അനൗപചാരിക വെർച്വൽ യോഗത്തിലാണ് മന്ത്രി അനിത ആനന്ദ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയെ പല കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുന്നത്. സർക്കാർ സംഭരണവുമായി ബന്ധപ്പെട്ട CFTA കരാറിലെ  39 നിബന്ധനകളിൽ നിന്ന്  20 എണ്ണമാണ് നീക്കം ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള കനേഡിയൻ ബിസിനസുകൾക്ക് കൂടുതൽ വ്യാപാരവും അവസരങ്ങളും നൽകുന്നതിനായാണ് ഇത്.  വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന  ചുവപ്പുനാട നീക്കം ചെയ്യാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ബ്രിട്ടീഷ് കൊളംബിയയുടെ സാമ്പത്തിക വികസന മന്ത്രി ഡയാന ഗിബ്‌സൺ പറഞ്ഞു. ഫെഡറൽ സർക്കാർ ഇത്തരം ഗുണപരമായ തീരുമാനങ്ങളുമായി മുന്നോട്ടുവരുന്നത് സന്തോഷകരമാണെന്നും ഗിബ്സൺ പറഞ്ഞു.