കാനഡയിൽ ആസ്ത്മ, എഡിഎച്ച്ഡി തുടങ്ങിയ രോഗങ്ങളുള്ളവരെയും ഇനി മുതൽ സൈന്യത്തിൽ ചേരാൻ അനുവദിക്കും.കനേഡിയൻ സായുധ സേന റിക്രൂട്ട്‌മെന്റ് മേഖലയിൽ ഉള്ള ആൾ ക്ഷാമം കുറക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഒഴിവാക്കുന്ന പഴയ രീതിക്ക് പകരം അവർക്കും സൈന്യത്തിൽ ചേരാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
എഡിഎച്ച്ഡി, ആസ്ത്മ എന്നിവയുൾപ്പെടെ ഉള്ളവരെയും ഇനി മുതൽ സേനയുടെ ഭാഗമാക്കുന്നത് പരിഗണിക്കുമെന്ന് മിലിട്ടറി സർജൻ ജനറൽ മേജർ ജനറൽ സ്കോട്ട് മാൽക്കമാണ് അറിയിച്ചത്. കാനഡയുടെ സൈന്യത്തിന് റെഗുലർ, റിസർവ് വിഭാഗങ്ങളിലായി ആകെ 13,600 പേരുടെ കുറവുണ്ട്. സ്ഥിരം സേനയെ 71,500 ആക്കിയും റിസർവ് സേനയെ 30,000 ആക്കിയും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ജെന്നി കരിഗ്നൻ പറഞ്ഞു. 2029 ഓടെ ആ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നതിനായി, കനേഡിയൻ സായുധ സേന നിരവധി മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. കാലഹരണപ്പെട്ടതും ദീർഘകാലമായി വിമർശനങ്ങൾ നേരിടുന്നതുമായ മെഡിക്കൽ എൻറോൾമെൻ്റ് മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തുന്നത് ഇതിൻ്റെ ഭാഗമായാണ്.