കൊച്ചി: തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ടീസർ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സർക്കാരിന്‍റെ ലാത്തി എന്ന ടൈറ്റിൽ ആണ് നൽകിയിരിക്കുന്നത്.
അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തിന്റെ പരുഷമായ സ്വഭാവം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ആക്ഷനും പഞ്ച് ഡയലോഗുകളും രക്തരൂക്ഷിതമായ രംഗങ്ങളും നിറഞ്ഞ ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഒരു സാധാരണ ആക്ഷൻ ഹീറോ എന്നതിലും കൂടുതൽ ആഴമുള്ള കഥാപാത്രമാണ് അർജുൻ സർക്കാർ എന്ന സൂചനയാണ് ചിത്രത്തിന്‍റെ പോസ്റ്ററുകളും ഇപ്പൊൾ വന്ന ടീസറും നൽകുന്നത്.
പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി അഭിനയിക്കുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വയലൻസ് ഉള്ള ചിത്രവും കഥാപാത്രവും ആയിരിക്കും ഇതെന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്.