'വസ്‌ത്രങ്ങൾ പാകമാകുന്നില്ല, സങ്കടം തോന്നാറുണ്ട്'; ലോകത്തെ നീളമേറിയ കാലുകൾ ഉള്ള മാകി കുറിൻ പറയുന്നൂ

By: 600007 On: Feb 24, 2025, 2:03 PM

 

ലോകത്തിലെ ഏറ്റവും നീളമേറിയ കാലുകള്‍ക്ക് ഉടമ എന്ന റെക്കോർഡിലിടം നേടിയ യുവതിയാണ് മാകി കുറിൻ. ​ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് പ്രകാരം 135.267 സെന്റീമീറ്റർ നീളമാണ് മാകിയുടെ കാലുകൾക്കുള്ളത്. അതായത് ആറടി പത്തിഞ്ചാണ് ഉയരം. യുഎസ് സ്വദേശിയായ മാകിയുടെ മൊത്തം ഉയരത്തിന്റെ അറുപത് ശതമാനത്തോളം കാലുകളുടെ നീളമാണെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ അടുത്തിടെ നീളമുള്ള കാലുകൾ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാകി വെളിപ്പെടുത്തിയിരുന്നു.

കാലിന്റെ അമിതമായ നീളംകൊണ്ട് തനിക്ക് ഒരു വസ്ത്രങ്ങളും ചേരുന്നില്ലെന്നതാണ് മാകിയുടെ സങ്കടം. പലരും തന്നെ ഹൊറർ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി സാമ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തന്റെ ശരീരത്തിലുള്ള വ്യത്യസ്ത ഒരുപാട് ഇഷ്ടപെടുന്നുണ്ടെന്നും മാകി തന്നെ പലതവണ പറഞ്ഞിട്ടുമുണ്ട്. സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഹൈസ്കൂളിലാണോ എന്ന് ചോദിച്ചവർ പോലുമുണ്ടെന്ന് മാകി പറയുന്നു.   

ഒരിക്കൽ ലെഗ്ഗിങ്‌സ് വാങ്ങിയപ്പോൾ അത് പാകമാകാത്തതിനെ തുടർന്നാണ് മാകി തന്റെ അസാധാരണമായ കാലിന്റെ നീളം ശ്രദ്ധിക്കാൻ തുടങ്ങിയത്. മാകിയുടെ കുടുംബത്തില്‍ മറ്റാര്‍ക്കും ഇത്രയും ഉയരം കിട്ടിയിട്ടില്ല. ലോകമെമ്പാടുമുള്ള ഉയരമുള്ളവരെ പ്രചോദിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് മാകി പറയുന്നത്. റഷ്യക്കാരിയായ എകറ്റെറിനാ ലിസിനയെ കടത്തിവെട്ടിയാണ് മാകി റെക്കോഡിലിടം നേടിയത്. 2017ലാണ് ലിസിന ഏറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡൽ എന്ന റെക്കോഡ് നേടുന്നത്. ആറടിയും 8.77 ഇഞ്ചുമായിരുന്നു ലിസിനയുടെ ഉയരം. കാലുകളുടെ നീളം 132 സെന്റീമീറ്ററും ആയിരുന്നു.