3600 ജീവനക്കാരെ പിരിച്ചുവിട്ടു; പിന്നാലെ ഉന്നതരുടെ ബോണസ് 200 ശതമാനത്തിലേക്ക് ഉയര്‍ത്തി മെറ്റ വിവാദത്തില്‍

By: 600007 On: Feb 24, 2025, 1:27 PM

കാലിഫോര്‍ണിയ: ഒരുവശത്ത് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ മറുവശത്ത് കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ബോണസ് കുത്തനെ വര്‍ധിപ്പിച്ച് ഫേസ്‌ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ വിവാദത്തില്‍. പുതിയ തീരുമാനം പ്രകാരം മെറ്റ എക്സിക്യൂട്ടീവുകൾക്ക് ഇനി മുതല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 200 ശതമാനം വരെ ബോണസ് ലഭിക്കും. മുമ്പ് ഇത് 75% മാത്രമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ബോണസ് കുത്തനെ കൂട്ടിയത്. ഈ വർഷം കമ്പനിയിലെ ഉന്നതര്‍ക്ക് വലിയ ബോണസുകൾ വാഗ്ദാനം ചെയ്യുമെന്ന് മെറ്റ ഒരു കോർപ്പറേറ്റ് ഫയലിംഗിൽ ആണ് വ്യക്തമാക്കിയതെന്ന് മണികണ്ട്രോൾ റിപ്പോർട്ട് ചെയ്യുന്നു.


2025 ഫെബ്രുവരിയിലാണ് മെറ്റയുടെ ഡയറക്ടർ ബോർഡ് ബോണസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. മെറ്റയിലെ ഉന്നത എക്സിക്യൂട്ടീവുകളുടെ ശമ്പളം മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് കൂടുതൽ ശമ്പളം നൽകാൻ തീരുമാനിച്ചതെന്നും കമ്പനി പറയുന്നു. എങ്കിലും, ഈ മാറ്റം മെറ്റ സിഇഒ ആയ മാർക്ക് സക്കർബർഗിന് ബാധകമാകില്ല. അതായത്, ഇപ്പോള്‍ മെറ്റ അധികൃതര്‍ വർധിപ്പിച്ച ബോണസിന്‍റെ ആനുകൂല്യം സക്കര്‍ബര്‍ഗിന് ലഭിക്കില്ല.


'കമ്പനിയുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് (മെറ്റയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  ഒഴികെയുള്ളവർക്ക്) ബോണസ് പ്ലാൻ അടിസ്ഥാന ശമ്പളത്തിന്‍റെ 75% ൽ നിന്ന് 200% ആയി വർധിപ്പിക്കാൻ മെറ്റ അംഗീകാരം നൽകി, പുതുക്കിയ തുക 2025 വാർഷിക പ്രകടന കാലയളവ് മുതൽ പ്രാബല്യത്തിൽ വരും'- എന്നും മെറ്റ കോർപറേറ്റ് ഫയലിംഗിൽ വിശദീകരിക്കുന്നു.

മെറ്റ ആഗോള ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിട്ടിരിക്കുന്ന അതേസമയത്താണ് കമ്പനി എക്സിക്യൂട്ടീവുകളുടെ ബോണസ് വര്‍ധിപ്പിക്കാനുള്ള വിവാദ തീരുമാനവും എടുത്തിരിക്കുന്നത്. ജീവനക്കാരിൽ 5 ശതമാനം പേരെ പിരിച്ചുവിടുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഏകദേശം 3,600 ജീവനക്കാരെയാണ് "കുറഞ്ഞ പ്രകടനം" എന്ന കാരണം ചൂണ്ടിക്കാട്ടി മെറ്റ ഒഴിവാക്കുന്നത്. ഇതിന് പുറമെ, ജീവനക്കാർക്ക് നൽകിയിരുന്ന സ്റ്റോക്ക് ഓപ്ഷനുകള്‍ 10 ശതമാനവും കുറച്ചു. ഇത് അവരുടെ ഭാവി വരുമാനത്തെ ബാധിക്കും. ഒരുവശത്ത് പിരിച്ചുവിടലും മറുവശത്ത് കമ്പനിയിലെ ഉന്നതര്‍ക്ക് ബോണസ് കൂട്ടി നല്‍കുന്നതുമായ മെറ്റയുടെ നടപടി എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.