അടുത്തിടെ മെക്‌സിക്കോയില്‍ വിവാഹചടങ്ങിനെത്തിയ ഡസന്‍ കണക്കിന് കനേഡിയന്‍ പൗരന്മാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രാദേശിക അധികാരികള്‍ക്ക് നിര്‍ദ്ദേശം. ബീച്ച്‌സൈഡ് റിസോര്‍ട്ടില്‍ നടന്ന പരിപാടിക്കെത്തിയവരാണ് അസുഖബാധിതരായത്. ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടായ പ്ലായ ഡെല്‍ കാര്‍മെനില്‍ വിവാഹാഘോഷത്തിനെത്തിയത് വിന്നിപെഗ് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ജോയല്‍ ബോയ്‌ലി ഉള്‍പ്പെടെ 200 ഓളം പേരാണ്. ഇവരില്‍ കുട്ടികളുള്‍പ്പെടെ 30 ലധികം അതിഥികള്‍ക്ക് കഠിനമായ ഛര്‍ദ്ദി, വയറിളക്കം, നിര്‍ജ്ജലീകരണം എന്നിവ ഉണ്ടായതായി ബോയ്‌ലി പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റതാണ് കാരണമെന്ന് ബോയ്‌ലി പറഞ്ഞു.
അസുഖബാധിതരായതിനെ തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് പ്രാദേശിക ഡോക്ടറെ വിളിപ്പിച്ചു. റിസോര്‍ട്ടിലെ ജലം മലിനപ്പെട്ടതായിരിക്കാം ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള കാരണമെന്ന് ഡോക്ടര്‍ പറഞ്ഞതായി ബോയ്ല്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മെക്‌സിക്കോയിലെ ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് ബോയ്‌ലിയും മറ്റുള്ളവരും പരാതികള്‍ നല്‍കിയിരുന്നു. ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവാഹാഘോഷ ചടങ്ങുകളും മാറ്റിവെക്കേണ്ടതായി വന്നു.
അതേസമയം, ഭക്ഷ്യവിഷബാധയേറ്റത് ഈ സമയത്ത് സാധാരണമാണെന്നും കാനഡയിലും അമേരിക്കയിലും നോറോവൈറസ്, അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സയുമായി ബന്ധപ്പെട്ട ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതായും റിസോര്‍ട്ടിന്റെ പ്രതിനിധി പ്രതികരിച്ചു.