ഒന്റാരിയോ ലണ്ടനില്‍ അനുമതിയില്ലാത്ത റൈഡ് ഷെയര്‍ ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ 

By: 600002 On: Feb 24, 2025, 11:50 AM


ഊബര്‍, ലിഫ്റ്റ് പോലുള്ള റൈഡ് ഷെയര്‍ ആപ്പുകളല്ലാതെ അനുമതിയില്ലാത്ത സ്വകാര്യ റൈഡ് ഷെയര്‍ ഡ്രൈവര്‍മാര്‍ക്ക് ഒന്റാരിയോ ലണ്ടനില്‍ കനത്ത പിഴ ഈടാക്കുന്നു. വെള്ളിയാഴ്ച ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് ബൈലോ എന്‍ഫോഴ്‌സ്‌മെന്റ് ബ്ലിറ്റ്‌സിനിടെ നാല് ഡ്രൈവര്‍മാരില്‍ നിന്ന് 1,000 ഡോളര്‍ വീതം ഈടാക്കിയതായി സിറ്റി അധികൃതര്‍ പറഞ്ഞു. 

ഊബര്‍, ലിഫ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ആപ്പുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഉറപ്പായും ലൈസന്‍സ് നേടിയിരിക്കണം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റൈഡുകള്‍ക്ക് ബൈലോ പ്രകാരം ആദ്യ കുറ്റത്തിന് പിഴ 1,000 ഡോളറാണ്. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ 2,000 ഡോളറാണ് പിഴ. ലൈസന്‍സില്ലാതെ ഉപഭോക്താക്കള്‍ക്ക് സ്വകാര്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത ആറോളം സംഭവങ്ങള്‍ ബൈലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ കണ്ടെത്തിയതായി ലണ്ടന്‍ മുനിസിപ്പല്‍ കംപ്ലയന്‍സ് ഡയറക്ടര്‍ ഓറെസ്റ്റ് കറ്റോലിക് പറഞ്ഞു. 

അനുമതിയില്ലാതെ റൈഡുകള്‍ നടത്തിയ നാല് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാര്‍ ബൈലോ അവഗണിക്കുകയും കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതോടെയാണ് സമീപകാലത്തായി പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.