ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിവാദത്തിൽ ഇന്ത്യയെ വിടാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ട്രംപ് ഇന്ത്യക്കെതിരെ രംഗത്തെത്തി. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശ രാജ്യത്തിന് വലിയ തുക നൽകിയതിലെ മുൻ സർക്കാറിന്റെ യുക്തിയെ ചോദ്യം ചെയ്താണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം തന്റെ സുഹൃത്ത് മോദിക്ക് ലക്ഷക്കണക്കിന് പണം നൽകിയെന്ന് ട്രംപ് പറഞ്ഞിരുന്നു. കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സിപിഎസി) സംസാരിച്ച ട്രംപ് പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇന്ത്യയുടെ സഹായം തേടുകയും ചെയ്തു.