എഡ്മണ്ടണിൽ ഡ്രൈവർമാർക്കുള്ള നിർബന്ധിത പരിശീലന പരിപാടിക്കെതിരെ പരാതികൾ ഉയരുന്നു

By: 600110 On: Feb 22, 2025, 2:42 PM

 

എഡ്മണ്ടണിൽ റൈഡ്-ഫോർ-ഹയർ സർവീസുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ
നിർബന്ധിത പരിശീലന പരിപാടി പൂർത്തിയാക്കണമെന്ന് നിർദ്ദേശം. ഉബർ, ലിഫ്റ്റ്, ടാക്സി ഡ്രൈവർമാർ എന്നിവർ  എഡ്മണ്ടൺ നഗരം നിശ്ചയിച്ചിട്ടുള്ള പരിശീലന പരിപാടി പൂർത്തിയാക്കേണ്ടതുണ്ട്.  സുരക്ഷയും പ്രവർത്തന ക്ഷമതയും വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഇതെന്ന് അധികൃതർ പറയുന്നു.എന്നാൽ ചില ഡ്രൈവർമാർ ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. 

ഉബറിൽ നിന്ന്  ഇമെയിൽ ലഭിച്ചപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്ന് ഡ്രൈവർമാർ പറയുമ്പോൾ പരിശീലനത്തിൻ്റെ നിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഉബർ കമ്പനി വക്താക്കളും വ്യക്തമാക്കി. പരിശീലത്തിൻ്റെ ഭാഗമായി ഡ്രൈവർമാർ കാണേണ്ട വീഡിയോ ദൈർഘ്യമേറിയതും കാലഹരണപ്പെട്ടതും ആവർത്തനങ്ങൾ ഉള്ളതുമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. അതിനാൽ തന്നെ സിറ്റിയുടെ പരിശീലന പദ്ധതി ഫലപ്രദമല്ല. കമ്പനി നേരിട്ട് ഡ്രൈവർമാർക്ക് വേറെ പരിശീലനം നല്കുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സർക്കാർ നിർദ്ദേശം അനുസരിച്ച് എല്ലാ ഡ്രൈവർമാരും ഏപ്രിൽ ഒന്നിന് മുമ്പ് ഈ എട്ട് മണിക്കൂർ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ എല്ലാ ഡ്രൈവർമാർക്കും ഇത് പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ലെന്ന്  ആശങ്കയുണ്ട്. ചില  ആളുകൾക്ക് ജോലി  നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടായേക്കാം എന്ന് ഉബർ വക്താവ് കീർത്തന രംഗ് പറഞ്ഞു