'ഇത് ശരിയല്ല', അമേരിക്കയോട് കടുപ്പിക്കാൻ ഇന്ത്യ; നാടുകടത്തുന്നവരെ ഗ്വാണ്ടനാമോക്ക് അയക്കരുതെന്ന് ആവശ്യപ്പെടും

By: 600007 On: Feb 22, 2025, 12:55 PM

ദില്ലി: അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ യു എസ് നാവിക താവളമായ ഗ്വാണ്ടനാമോയിലെക്ക് അയക്കുന്നതിനോട് വിയോജിച്ച് ഇന്ത്യ. ഗ്വാണ്ടനാമോയിലെക്ക് കുടിയേറ്റക്കാരെ അയക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടാൻ തീരുമാനിച്ചു. പാനമ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നീ രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കാം എന്നറിയിച്ചത്. തിരിച്ചയക്കുന്നവരുടെ എണ്ണം കൂട്ടാനാണ് ഗ്വാണ്ടനോമയിലെ കസ്റ്റഡി കേന്ദ്രങ്ങളിലേക്കും ഇവരെ അയക്കാനുള്ള യു എസ് നീക്കം

സൈനിക വിമാനങ്ങൾ അനുവദിക്കാമെന്നും ഇന്ത്യക്കാരെ പരമാവധി നേരിട്ട് ഇന്ത്യയിലേക്ക് തന്നെ എത്തിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ചില വിമാന കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്. ഗ്വാണ്ടനോമോയിൽ തടവിലുണ്ടായിരുന്ന 200 വെനിസ്വേല സ്വദേശികൾ അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നടക്കമുള്ള ഭീകരവാദികളെ അമേരിക്ക പാർപ്പിച്ചിരുന്ന ഗ്വാണ്ടനാമോയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്നത് തീരെ ശരിയല്ലെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.