വീണ്ടും പൊട്ടിത്തെറിച്ച് സ്പേസ് എക്സ് റോക്കറ്റ് ഭാഗം; അവശിഷ്ടങ്ങള്‍ പോളണ്ടില്‍ പതിച്ചു

By: 600007 On: Feb 22, 2025, 12:40 PM

 

ലണ്ടന്‍: സ്‌പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ അവശിഷ്ടങ്ങള്‍ യൂറോപ്പിന് മുകളില്‍ കത്തിയമര്‍ന്നു. അനിയന്ത്രിതമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് അപ്പര്‍ സ്റ്റേജാണ് ഫെബ്രുവരി 19ന് മാനത്ത് തീപ്പൊരി പോലെ കത്തിജ്വലിച്ചത്. കത്തിത്തീരാത്ത ചില അവശിഷ്ടങ്ങള്‍ പോളണ്ടില്‍ പതിച്ചതായി രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭാഗമാണ് യൂറോപ്പിന് മുകളില്‍ കത്തിജ്വലിച്ചത്. യുകെ, ജര്‍മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ഇത് ദൃശ്യമായി എന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരി 1ന് കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ മുകള്‍ ഭാഗമാണ് കത്തിയമര്‍ന്നത് എന്ന് പോളിഷ് സ്പേസ് ഏജന്‍സി (POLSA) അറിയിച്ചു. ഏകദേശം നാല് ടണ്ണോളം ഭാരമാണ് ഈ ബഹിരാകാശ അവശിഷ്ടത്തിനുണ്ടായിരുന്നത്. വിക്ഷേപണ ദൗത്യത്തിന് ശേഷം ഈ റോക്കറ്റ് അപ്പര്‍ ഭാഗം ഡീ-ഓര്‍ബിറ്റ് ചെയ്യണ്ടതായിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ട് റോക്കറ്റിന്‍റെ അവശിഷ്ടങ്ങള്‍ ഐറിഷ് കടലിന് മുകളിലൂടെ പോളണ്ടിനും യുക്രൈനും മീതെ മിനിറ്റുകള്‍ കൊണ്ട് എത്തിച്ചേരുകയായിരുന്നു. 

റോക്കറ്റ് അവശിഷ്ടത്തിന്‍റെ ചില ചെറിയ കഷണങ്ങള്‍ ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവയെ കുറിച്ച് പോളിഷ് സ്പേസ് ഏജന്‍സി അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം പോള്‍സയോ സ്പേസ് എക്സോ നടത്തിയിട്ടില്ല.