കനത്ത തണുപ്പില്‍ നിന്നും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടാന്‍ തുടങ്ങിയെങ്കിലും കാല്‍ഗറിയില്‍ ജലവിതരണ പൈപ്പുകളിലെ തകരാറുകള്‍ തുടര്‍ക്കഥയായി മാറുകയാണ്. കനത്ത മഞ്ഞുവീഴ്ചയില്‍ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റം വന്നിട്ടും കാല്‍ഗറിയില്‍ തൊഴിലാളികള്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 10 ഓളം പ്രധാന തകരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡൗണ്‍ടൗണ്‍ കൊമേഴ്‌സ്യല്‍ കോര്‍, ഹാര്‍വെസ്റ്റ് ഹില്‍സ്, കോളിംഗ്‌വുഡ്, ആബിഡെയ്ല്‍ കാപ്പിറ്റോള്‍ ഹില്‍, കവന്ററി ഹില്‍സ്, ഫെയര്‍വ്യൂ ഇന്‍ഡസ്ട്രിയല്‍ സൗത്ത്‌വുഡ്, ഹണ്ടിംഗ്ടണ്‍ ഹില്‍സ്, ഗ്ലെന്‍ബ്രൂക്ക് എന്നിവടങ്ങളില്‍ പൈപ്പ് തകരാര്‍ ജലവിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പത്ത് തകരാറുകളില്‍ രണ്ടെണ്ണം അറ്റകുറ്റപ്പണി നടത്തി പുന:സ്ഥാപിച്ചതായി സിറ്റി അറിയിച്ചു. ഒരു പൈപ്പിലെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെന്നും സിറ്റി അധികൃതര്‍ പറഞ്ഞു. കുറഞ്ഞത് 30 വ്യാപാര സ്ഥാപനങ്ങളെയും വീടുകളെയും പൈപ്പുകളുടെ തകരാര്‍ ബാധിച്ചു.
സാധാരണ സാഹചര്യങ്ങളില്‍ വാട്ടര്‍ മെയിന്‍ ബ്രേക്കുകള്‍ പരിഹരിക്കുകയും 48 മണിക്കൂറിനുള്ളില്‍ ജല വിതരണം പുന:സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ക്കായി സിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.