തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുസ്ലീം അനുകൂല നടപടികൾ ഉറപ്പ് നല്കി ലിബറൽ പാർട്ടി നേതാവ് ക്രിസ്റ്റിയ ഫ്രീലാൻഡ്

By: 600110 On: Feb 21, 2025, 2:40 PM

 

തെരഞ്ഞെടുപ്പിൽ  ജയിച്ചാൽ കാനഡയിൽ മുസ്ലീം വിഭാഗത്തിന് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് ലിബറൽ പാർട്ടി നേതാവ് ക്രിസ്റ്റിയ ഫ്രീലാൻഡ്. മുസ്ലീം സംഘടനകളുടെ ചാരിറ്റി പ്രവർത്തനങ്ങളും മറ്റ് ഫണ്ടിംഗും ഓഡിറ്റിംഗ് നടത്തുന്ന  കാനഡ റവന്യൂ ഏജൻസിയുടെ ഒരു വിവാദ വിഭാഗം  നിർത്തലാക്കുമെന്ന്  ഫ്രീലാൻഡ്  ഉറപ്പു നൽകുന്നു. പക്ഷെ ഫ്രീലാൻ്റ്  ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.  

കാനഡയിലെ ഏറ്റവും വലിയ മുസ്ലീം  ഗ്രൂപ്പുകളിൽ ഒന്നായ നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീങ്ങൾക്ക്  ക്രിസ്റ്റിയ ഫ്രീലാൻഡ് അയച്ച കത്തിലാണ്  റിസർച്ച് ആൻഡ് അനാലിസിസ് ഡിവിഷൻ നിർത്തലാക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ഉള്ളത്. രാജ്യത്ത് തീവ്രവാദ ധനസഹായത്തിന്റെ ഉറവിടങ്ങൾ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി RAD മുസ്ലീം ഗ്രൂപ്പുകളെ സംശയത്തിൻ്റെ നിഴലിൽ നിർത്താറുണ്ട്. ഇതിനെതിരെ വിമർശനങ്ങളുമായി മുസ്ലീം ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. ഇന്റലിജൻസ് അവലോകന സ്ഥാപനമായ നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് റിവ്യൂ ഏജൻസി 2023ൽ മുസ്ലീം സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പക്ഷെ ആ അന്വേഷണങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് വിവരം.