കാനഡയിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി തീവ്രവാദികൾ ജൂതവിരുദ്ധത ആയുധമാക്കുന്നതായി റിപ്പോർട്ട്

By: 600110 On: Feb 21, 2025, 2:31 PM

കാനഡയിൽ ആളുകളെ  റിക്രൂട്ട് ചെയ്യുന്നതിനായി  തീവ്രവാദികൾ ജൂതവിരുദ്ധത ആയുധമാക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഇൻ്റലിജൻസ് ഏജൻസിയായ  സി‌എസ്‌ഐ‌എസ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. തീവ്ര ആശയങ്ങളാൽ പ്രചോദിതരായ തീവ്രവാദ ഗ്രൂപ്പുകൾ അനുയായികളെ ചേർക്കുന്നതിനും അക്രമത്തിന് പ്രചോദനം നൽകുന്നതിനുമായി ജൂതവിരുദ്ധത കൂടുതലായി ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടിലുള്ളത്.  

കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ്  വിവരാവകാശ നിയമപ്രകാരം പുറത്തിറക്കിയ 2024 മെയ് മാസത്തെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇസ്രായേൽ-ഹമാസ് സംഘർഷം പോലുള്ള സമകാലിക സംഭവങ്ങളെയും ഇത്തരം  തീവ്രവാദ ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഇത്തരം ഗ്രൂപ്പുകളിലേക്ക് പുതിയതായി എത്തുന്ന അനുയായികൾ അക്രമ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി, പലപ്പോഴും സമകാലിക സംഭവങ്ങൾക്ക്  സെമിറ്റിക് വിരുദ്ധ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നതായും സി‌എസ്‌ഐ‌എസ് പറയുന്നു. സെമിറ്റിക് വിരുദ്ധ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സോഷ്യൽ മീഡിയ വഴിയാണ് പ്രചരിക്കുന്നത്. വിദ്വേഷ കുറ്റകൃത്യങ്ങൾ, അക്രമം, ഭീകരത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് പല ഉള്ളടക്കങ്ങൾ എന്നും റിപ്പോർട്ട് പറയുന്നു