പ്രാഥമിക ചികിത്സാ സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ബിസി സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഡോക്ടർമാർ. കൂടുതൽ പേരിലേക്ക് ചികിത്സാ സൌകര്യം എത്തിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ ഡോക്ടർമാരുടെ നിയമനം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആളുകൾക്ക് അനുസൃതമായി കുടുംബ ഡോക്ടർമാരുടെ എണ്ണത്തിൽ ഇപ്പോഴും കുറവുണ്ട്. അത് നികത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. ഓരോ കൊളംബിയക്കാരനും ഒരു കുടുംബ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറണമെന്നും , പ്രവിശ്യ സർക്കാരിന് ഇക്കാര്യത്തിൽ കുറേയേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ബിസി കോളേജ് ഓഫ് ഫാമിലി ഫിസിഷ്യൻസിലെ ഫാമിലി ഡോക്ടറും ബോർഡ് അംഗവുമായ ഡോ. അന ബോസ്കോവിച്ച് പറഞ്ഞു.
2023-ൽ ബി.സി. സർക്കാർ കുടുംബ ഡോക്ടർമാർക്കുള്ള ശമ്പളം പുതുക്കി നിശ്ചയിച്ചിരുന്നു. ഇത് 835ളം പുതിയ ഡോക്ടർമാരെ ഈ രംഗത്തേക്ക് ആകർഷിക്കുകയും, കാൽ ദശലക്ഷത്തിലധികം ആളുകൾക്ക് പ്രാഥമിക പരിചരണം ലഭ്യമാവുകയും ചെയ്തതായി പ്രവിശ്യ സർക്കാർ പറഞ്ഞു. കുടുംബ ഡോക്ടർ ഇല്ലാത്ത ബ്രിട്ടീഷ് കൊളംബിയക്കാരുടെ എണ്ണം 1 ദശലക്ഷത്തിൽ നിന്ന് ഏകദേശം 700,000 ആയി കുറഞ്ഞുവെന്നും ബിസി ഫാമിലി ഡോക്ടർമാർ പറയുന്നു