കാലിഫോര്‍ണിയ: 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം 2032-ൽ ഭൂമിയിൽ പതിക്കുമോ എന്ന ആശങ്കയിലാണ് ശാസ്‍ത്രലോകം. എന്നാൽ നാസയുടെ ഏറ്റവും പുതിയ ഡാറ്റ അൽപ്പം ആശ്വാസം പകരുന്നതാണ്. നാസയുടെ സെന്‍റർ ഫോർ നിയര്‍-എർത്ത് ഒബ്‍ജക്റ്റ് സ്റ്റഡീസ് ഫെബ്രുവരി 18ന് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ ആഘാത സാധ്യത 3.1 ശതമാനം ആയി അപ്‌ഗ്രേഡ് ചെയ്തിരുന്നു. ഇത്രയും വലിപ്പമോ അതിൽ കൂടുതലോ ഉള്ള ഒരു ബഹിരാകാശ വസ്‍തുവിന് നാസ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ആഘാത സാധ്യത ആയിരുന്നു ഇത്. എന്നാൽ ഫെബ്രുവരി 19 ബുധനാഴ്ച, രാത്രിയിൽ നാസ പുറത്തുവിട്ട പുതിയ ഡാറ്റ, ഭൂമിക്ക് മേല്‍ 2024 YR4 Asteroid-ന്‍റെ ആഘാത സാധ്യത 1.5 ശതമാനമായി കുറച്ചത് ആശ്വാസകരമാണ്.
2024 YR4 ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാതയെ കുറിച്ച് ജ്യോതിശാസ്ത്രജ്ഞർക്ക് കൂടുതല്‍ വിവരങ്ങളും വ്യക്തതയും വരുന്നതോടെ ഭൂമിക്ക് മേലുള്ള ആഘാത സാധ്യതകൾ വീണ്ടും മാറിമറിഞ്ഞേക്കാം. '2032 ഡിസംബർ 22ന് വൈആര്‍4 ഛിന്നഗ്രഹം എവിടെ ആയിരിക്കുമെന്ന് എല്ലാ രാത്രിയിലും നിരീക്ഷിക്കുന്നത് നമ്മുടെ അറിവ് മെച്ചപ്പെടുത്തുകയും ഭൂമിയുടെ ഭാവിയിലെ അപകടസാധ്യത നിർണ്ണയിക്കാൻ ശാസ്‍ത്രജ്ഞർക്ക് ആവശ്യമായ ഡാറ്റ ശേഖരിക്കേണ്ടതിന്‍റെ പ്രാധാന്യം അടിവരയിടുന്നതായും' നാസ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ 2024 വൈആര്‍4 ഛിന്നഗ്രഹത്തെ കുറിച്ച് പുതിയ നിരീക്ഷണങ്ങൾ നടത്തുമ്പോൾ ആഘാത സാധ്യതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് നാസ പ്രതീക്ഷിക്കുന്നു. 2024 YR4-ന്‍റെ അപകടസാധ്യത കൂടുതൽ വിലയിരുത്തുന്നതിനായി ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബിന്‍റെ അടിയന്തര ഉപയോഗം അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘത്തിന് നാസ അനുവദിച്ചിട്ടുണ്ട്.