വിസ അനുവദിക്കുന്നതിൽ കുറവ് വരുത്താനുള്ള കനേഡിയൻ സർക്കാരിൻ്റെ നീക്കത്തെ തുടർന്ന് അഭയാർത്ഥി അപേക്ഷകളിലും കുറവ് വന്നതായി റിപ്പോർട്ട് . ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്നാണ് ഈ കുറവ് വന്നിരിക്കുന്നത്. ജനുവരിയിൽ ഏകദേശം 11,840 പേരാണ് അഭയാർത്ഥിത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. ജൂലൈയിൽ ഇത് 19,821 ആയിരുന്നു. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് ഡാറ്റ പ്രകാരം 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിത്.
ചില രാജ്യങ്ങളിൽ നിന്നും അഭയാർഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള അപേക്ഷകൾ 45322ൽ നിന്നും 27975 ആയും ഹെയ്ത്തിയിൽ നിന്നുള്ളത് 8984ൽ നിന്ന് 5487 ആയും നൈജീരിയയിലേത് 79378ൽ നിന്ന് 51828 ആയും കുറഞ്ഞു. സന്ദർശക വിസകളുടെ എണ്ണത്തിലും ആനുപാതികമായി കുറവ് വന്നിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം കാനഡ ഏകദേശം 1.5 ദശലക്ഷം സന്ദർശക വിസകളാണ് അനുവദിച്ചത്. 2023 ൽ ഇത് 1.8 ദശലക്ഷമായിരുന്നു.
കാനഡ അഭയാർഥി വിസ അനുവദിക്കാറില്ല. അഭയാർഥി പദവി വേണ്ടവർ സന്ദർശക വിസയിലോ, വിദ്യാർഥികളായോ തൊഴിലിനായോ വന്ന് പിന്നീട് അഭയാർഥി പദവിക്കായി അപേക്ഷിക്കുകയാണ് വേണ്ടത്. കുടിയേറ്റക്കാർക്കെതിരായ വ്യാപകമായ പ്രതിഷേധം കണക്കിലെടുത്തും, ജനസംഖ്യ ക്രമേണ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വിസകൾ അനുവദിക്കുന്നതിൽ കുറവ് വരുത്താൻ കനേഡിയൻ സർക്കാർ തീരുമാനിച്ചത്.