പക്ഷിപ്പനി വ്യാപനം: കാനഡ അഞ്ച് ലക്ഷം ഏവിയന്‍ ഫ്‌ളൂ വാക്‌സിനുകള്‍ വാങ്ങിയതായി പിഎച്ച്എസി 

By: 600002 On: Feb 20, 2025, 11:03 AM

 


പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കാനഡ അഞ്ച് ലക്ഷം ഏവിയന്‍ ഫ്‌ളൂ വാക്‌സിനുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്. വൈറസ് വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുള്ള രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്‌സിന്‍ ശേഖരിച്ചിരിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ അറിയിച്ചു. ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജിഎസ്‌കെ നിര്‍മിക്കുന്ന വാക്‌സിനുകള്‍ ഡോസുകള്‍ ആവശ്യമായി വന്നാല്‍ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു. 

പക്ഷിപ്പനി മൂലം പൊതുജനങ്ങള്‍ക്ക് നിലവിലെ അപകടസാധ്യത കുറവാണെന്ന് പിഎച്ച്എസി പറയുന്നു. എന്നാല്‍ പടരാനുള്ള സാധ്യത കൂടുതലുള്ള ആളുകളെ സംരക്ഷിക്കുന്നതിനാണ് വാക്‌സിനുകള്‍ക്ക് ഉത്തരവിട്ടത്. നവംബറില്‍ കാനഡയില്‍ ആദ്യമായി മനുഷ്യനില്‍ H5N1  കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. ആഗോളതലത്തില്‍ ഇപ്പോഴും പക്ഷിപ്പനി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍. കാനഡയിലെത്തിച്ച വാക്‌സിനുകളില്‍ ഏകദേശം 60 ശതമാനം പ്രവിശ്യകള്‍ക്കും ടെറിട്ടറികള്‍ക്കും വിതരണം ചെയ്യും. ബാക്കി 40 ശതമാനം ഫെഡറല്‍ സ്റ്റോക്കില്‍ സൂക്ഷിക്കും. 

നിലവില്‍ ഇന്നുവരെ പക്ഷിപ്പനി വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ വൈറസ് മനുഷ്യനില്‍ ഗുരുതരമായ രോഗമുണ്ടാക്കുകയും അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാനഡയിലുടനീളം 40 ഓളം സ്ഥലങ്ങളിലെ കോഴിഫാമുകളില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് കൊളംബിയയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.