കാനഡയുടെ അതിവേഗ റെയിൽ പദ്ധതിക്ക് കോടിക്കണക്കിന് ഡോളറിൻ്റെ സർക്കാർ ധനസഹായം. ടൊറന്റോയ്ക്കും ക്യൂബെക്ക് സിറ്റിക്കും ഇടയിൽ നിശ്ചയിച്ചിരിക്കുന്ന നിർദ്ദിഷ്ട പദ്ധതിക്കായി കൺസോർഷ്യത്തെ തിരഞ്ഞെടുത്തതായും ഫെഡറൽ സർക്കാർ അറിയിച്ചു. 2024ലെ ബജറ്റിൽ അനുവദിച്ച 371.8 മില്യൺ ഡോളറിന് പുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ധനസഹായം.
ആൾട്ടോ എന്ന് പേരിട്ടിരിക്കുന്ന അതിവേഗ പദ്ധതിയിൽ, 1,000 കിലോമീറ്റർ ട്രാക്കിലൂടെ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിയും. പൂർണ്ണമായും വൈദ്യുതി ട്രെയിനുകൾ ആകും ഉപയോഗിക്കുക. വിശ്വസനീയവും കാര്യക്ഷമവുമായ ഒരു അതിവേഗ റെയിൽ ശൃംഖല കാനഡക്കാർക്ക് ഒരു വലിയ മാറ്റമായിരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ആളുകളുടെ യാത്രാ സമയം പകുതിയായി കുറയുമെന്നും ടൊറന്റോയിൽ നിന്ന് മോൺട്രിയലിലേക്ക് മൂന്ന് മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുമെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ലാവൽ, ട്രോയിസ്-റിവിയേഴ്‌സ്, മോൺട്രിയൽ, ഒട്ടാവ, പീറ്റർബറോ എന്നിവിടങ്ങളിൽ ട്രെയിൻ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നും ട്രൂഡോ അറിയിച്ചു.