ടൊറന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്ത 4819 വിമാനത്തിലെ 76 യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വാഗ്ദാനം. യാത്രക്കാര്‍ക്ക് 30,000 യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കുക. നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ ഒരു നിബന്ധനകളുമില്ലെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ വിമാനപകടത്തില്‍ 76 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ് പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ച 21 യാത്രക്കാരില്‍ 20 പേര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയതായി എയര്‍ലൈന്‍ അറിയിച്ചു.
മിനിയാപൊളിസില്‍ നിന്ന് ടൊറന്റോയിലേക്ക് വരികയായിരുന്ന വിമാനം ലാന്‍ഡ് ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. റണ്‍വേ 26 ല്‍ ക്രാഷ് ലാന്‍ഡ് ചെയ്ത ശേഷം വിമാനം ശക്തമായ ക്രോസ് വിന്‍ഡിനെ തുടര്‍ന്ന് തലകീഴായി മറികയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.