യുക്രൈനും സെലൻസ്കിക്കുമെതിരെ ട്രംപ്, 'അൽപ്പമെങ്കിലും നയതന്ത്രജ്ഞതയുണ്ടായിരുന്നെങ്കിൽ പണ്ടേ യുദ്ധം അവസാനിച്ചേനെ

By: 600007 On: Feb 20, 2025, 4:29 AM

 

 

ന്യൂയോർക്ക്: റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി പ്രതിഷേധം അറിയിച്ചിരുന്നു. അതിനു മറുപടിയായാണ് സെലൻസ്കിക്കും യുക്രൈനുമെതിരെ കുറ്റപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയത്. നിങ്ങൾ യുദ്ധം തുടങ്ങാൻ പാടില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. അൽപ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവ് ആയിരുന്നെങ്കിൽ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. സെലിൻസ്കിക്ക് നാല് ശതമാനം യുക്രൈൻകാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള റഷ്യൻ വാദവും ട്രംപ് ആവർത്തിച്ചു.