ഇന്റര്‍പ്രൊവിന്‍ഷ്യല്‍ തടസ്സങ്ങള്‍ കാരണം കാനഡയിലെ ഡോക്ടര്‍മാര്‍ക്ക് രാജ്യത്ത് എല്ലായിടത്തും പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ലെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍(സിഎംഎ). യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയും കാനഡയെ അമേരിക്കയുടെ 51 ആം സംസ്ഥാനമാക്കണമെന്ന പ്രഖ്യാപനവും തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ ഇന്റര്‍പ്രൊവിന്‍ഷ്യല്‍ തടസ്സങ്ങളും കാനഡയില്‍ എല്ലായിടത്തും പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും ഡോക്ടര്‍മാരെ വിലക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലയില്‍ സിഎംഎ ഒരു പാന്‍-കനേഡിയന്‍ ലൈസന്‍സ് പ്രോഗ്രാമിനായി ശ്രമിക്കുകയാണ്. ഇത് ഒന്നില്‍ കൂടുതല്‍ ലൈസന്‍സുകള്‍ നേടുകയോ അധിക ലൈസന്‍സിംഗ് ഫീസ് നല്‍കുകയോ ചെയ്യാതെ ഏതെങ്കിലും അധികാരപരിധിയില്‍ പ്രാക്ടീസ് ചെയ്യാനുള്ള മുഴുവന്‍ ലൈസന്‍സുകളും മികച്ച ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു പദ്ധതി കൂടുതല്‍ ഏകീകൃതവും കാര്യക്ഷമവുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിലേക്കുള്ള വഴി തുറന്നിടുകയാണെന്ന് സിഎംഎ പറയുന്നു.
2022 ല്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 5002 അംഗങ്ങളില്‍ 87 ശതമാനം പേരും ഈ ആശയം വളരെ നല്ലതാണെന്ന് പ്രതികരിച്ചു. എന്നാല്‍ എട്ട് ശതമാനം പേര്‍ ഭാഗികമായി മാത്രം അനുകൂലിച്ചു. ഒരു നാഷണല്‍ ലൈസന്‍ഷ്വര്‍ സിസ്റ്റം അവതരിപ്പിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് കാനഡയില്‍ തുടരാനുള്ള അവസരവും വിരമിക്കലിന് ശേഷം പാര്‍ട്ട് ടൈം പ്രാക്ടീസ് തുടരാനുള്ള അവസരവും നല്‍കുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു. ഇത് ഏത് ദുരന്തസമയത്തും കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ദ്രുതഗതിയില്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നും 78 ശതമാനം പേരും അഭിപ്രായപ്പെട്ടു.
രാജ്യത്തുടനീളമുള്ള റെഗുലേറ്ററി കേളേജുകള്‍ ലേബര്‍ മൊബിലിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവയിലൊന്നും പാന്‍-കനേഡിയന്‍ ലൈസന്‍സ് നല്‍കാനോ അല്ലെങ്കില്‍ അത് സ്വീകരിക്കാനോ ഉള്ള കഴിവില്ലെന്ന് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് കാനഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റെഫാനി പ്രൈസ് പറഞ്ഞു. ഇവരെല്ലാം പ്രവിശ്യാ നിയമനിര്‍മാണത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഈ കോളേജില്‍ നിന്നുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സിന് പണം നല്‍കേണ്ടതുണ്ട്. ഇതിനാല്‍ ആറ് പ്രവിശ്യകളില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫിസിഷ്യന്മാര്‍ക്ക് ആറ് ലൈസന്‍സുകള്‍ വേണം, അതിന് ആറ് തവണ പണം അടയ്‌ക്കേണ്ടതായുമുണ്ടെന്ന് പ്രൈസ് പറഞ്ഞു.