കാനഡയിൽ വിമാനം തല കീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ക്രോസ് വിൻഡ് ആകാൻ സാധ്യതയെന്ന് വിലയിരുത്തൽ

By: 600110 On: Feb 19, 2025, 3:49 PM

കാനഡയിലെ ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തല കീഴായി മറിഞ്ഞുണ്ടായ  അപകടം വളരെ അപൂർവമെന്ന്  വ്യോമയാന വിദഗ്ദ്ധൻ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സിലെ വൈമാനികനായ ജെ. ജോസഫാണ് അപകടത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 29 വർഷത്തെ പരിചയസമ്പത്തുള്ള ജോസഫ് മുപ്പതിനായിരം മണിക്കൂറോളം വിമാനം പറത്തിയിട്ടുള്ള വൈമാനികനാണ്. 

അപകട സമയത്ത് ടൊറന്റോയിലെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ലെന്ന് ജെ.ജോസഫ് പറഞ്ഞു. മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ ശക്തമായ കാറ്റ് അപകടമുണ്ടാക്കാൻ കാരണമായി എന്നാണ് വിലയിരുത്തൽ. വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താൻ ശ്രമിക്കുമ്പോൾ, ഉയർന്ന കാറ്റ്, പ്രത്യേകിച്ച് വിമാനത്തിന് ലംബമായി വീശുന്ന ക്രോസ് വിൻഡ്,  പൈലറ്റുമാർക്ക് ചില വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം എന്നും  എന്ന് ജോസഫ് പറയുന്നു. എങ്കിലും വിമാനം തലകീഴായി മറിഞ്ഞത് എങ്ങനെയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയാണ് മിനിയാപൊളിസിൽ നിന്നുള്ള വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 76 യാത്രക്കാരിലും നാല് ജീവനക്കാരിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു