കടലില്‍ സ്രാവിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമം: കനേഡിയന്‍ സ്ത്രീയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ് 

By: 600002 On: Feb 19, 2025, 10:28 AM

 

 

 

നോര്‍ത്ത് അറ്റ്‌ലാന്റിക് സീയില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമിനിക്കന്‍ റിപ്പബ്ലിക്കുകള്‍ക്കും സമീപത്തായുള്ള ചെറുദ്വീപായ ടര്‍ക്കസ് ആന്‍ഡ് കൈക്കോസിലെ കടല്‍ത്തീരത്ത് വിനോദ സഞ്ചാരത്തിനെത്തിയ കനേഡിയന്‍ സ്ത്രീക്ക് സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. കടലില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ സ്രാവ് സ്ത്രീയുടെ രണ്ടുകൈത്തണ്ടകളും കടിച്ചെടുത്തു. തീരത്ത് നിന്നും ഏതാനും മീറ്റര്‍ അകലെ സെന്‍ട്രല്‍ പ്രൊവിഡന്‍സിയേല്‍സിലെ ബീച്ചില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. 55 വയസ് പ്രായമുള്ള സ്ത്രീയാണെന്നും കടലില്‍ നിന്നുകൊണ്ട് സ്രാവുമായി അടുത്തിടപഴകിക്കൊണ്ട് ഇവര്‍ ഫോട്ടോ എടുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി ദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. 

ക്യുബെക്ക് സ്വദേശിയായ റാല്‍ഫ് ഷെവാരി എന്നയാളുടെ ഭാര്യയ്ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുകൈകളും നഷ്ടപ്പെട്ട സ്ത്രീക്കായി GoFoundMe പേജ് കുടുംബം ആരംഭിച്ചിട്ടുണ്ട്. ആറടി വലിപ്പമുള്ള സ്രാവാണ് ആക്രമിച്ചതെന്ന് പേജില്‍ പറയുന്നു. സ്രാവിന്റെ ഇനം സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന ബുള്‍ സ്രാവ് ആയിരിക്കാം ഇതെന്നാണ് അധികൃതര്‍ പറയുന്നത്. 

ആക്രമണ സമയത്ത് റാള്‍ഫ് സ്രാവിനെ വിരട്ടിയോടിച്ചതിനാല്‍ ഭാര്യയെ രക്ഷപ്പെടുത്താന്‍ സാധിച്ചു. എങ്കിലും ഇരുകൈത്തണ്ടകളും അവര്‍ക്ക് നഷ്ടമായി. അമിതരക്ത സ്രാവം തടയാന്‍ ബീച്ചിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ ഇവരെ സഹായിച്ചു. ദ്വീപില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ചെഷയര്‍ ഹാള്‍ മെഡിക്കല്‍ സെന്ററിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ ചികിത്സയ്ക്കായി കാനഡയിലേക്ക് തിരികെ പോകാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.