ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒഷാവയിലെ ലിബറൽ സ്ഥാനാർത്ഥി വിരേഷ് ബൻസാലിന് മത്സരത്തിൽ നിന്ന് പിൻമാറാൻ സമ്മർദ്ദം ഏറുന്നു. വിരേഷ് ബൻസാലിൻ്റെ പഴയ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് മത്സരത്തിൽ നിന്ന് പിന്മാറാൻ പലയിടത്തു നിന്നും സമ്മർദ്ദമുയർന്നത്.
വിരേഷ് ബൻസാൽ 2023ൽ എക്‌സിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള എൻഡിപി നേതാവ് ജഗ്മീത് സിങ്ങിന്റെ പോസ്റ്റിന് മറുപടിയായിട്ടായിരുന്നു ഈ പോസ്റ്റ്. ബിസിയിൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് ശേഷമാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് . പോസ്റ്റ് പിന്നീട് വിരേഷ് തന്നെ നീക്കുകയും ചെയ്തു. മാലിന്യം വൃത്തിയാക്കിയതിന് നിങ്ങൾക്ക് ഇന്ത്യയോട് നന്ദി പറയാം. നിങ്ങളുടെ ഗേ സുഹൃത്ത് @JustinTrudeauയോടും ഇത് ചെയ്യാൻ ആവശ്യപ്പെടുക എന്നതായിരുന്നു ഡിലീറ്റ് ചെയ്ത പോസ്റ്റ്.
2023 ലെ മറ്റൊരു പോസ്റ്റിൽ, ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള കൺസർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി നേതാവ് ടിം ഉപ്പലിന്റെ ആശങ്കയ്ക്കും ബൻസൽ മറുപടി നൽകിയിരുന്നു. ബൻസലിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ഒൻ്റാരിയോ ലിബറലുകളോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ സ്ഥാനാർത്ഥിയിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് പൂർണ്ണമായും തെറ്റാണ്, അത് സ്വീകാര്യമല്ല. അദ്ദേഹത്തെ നീക്കം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും വേൾഡ് സിഖ് ഓർഗനൈസേഷൻ വ്യക്തമാക്കി.