കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതായി സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ. 2017 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജനുവരിയിലെ മൊത്തത്തിലുള്ള പണപ്പെരുപ്പം നേരിയ തോതിൽ ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.
കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 1.9 ശതമാനമായി ഉയർന്നതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച അറിയിച്ചു, ഡിസംബറിനെ അപേക്ഷിച്ച് പത്തിലൊന്ന് ശതമാനം വർധന രേഖപ്പെടുത്തിയെങ്കിലും പണപ്പെരുപ്പം ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യമായ രണ്ട് ശതമാനത്തിന് താഴെ നിലനിർത്താനായിട്ടുണ്ട്. ജനുവരിയിൽ കാനഡക്കാർ ഊർജ്ജത്തിനായി കൂടുതൽ പണം നൽകിയതാണ് പണപ്പെരുപ്പത്തിലെ നേരിയ വർധനവിന് കാരണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. ഡിസംബറിൽ ഒരു ശതമാനം വർധനവ് രേഖപ്പെടുത്തിയ ഊർജ്ജ വില ജനുവരിയിൽ 5.3 ശതമാനവും ഉയർന്നു. ഗ്യാസോലിനും പ്രകൃതിവാതകത്തിനും വില ഉയർന്നതാണ് ഇതിന് കാരണം. ഡിസംബറിൽ 2.3 ശതമാനമായിരുന്ന ഗതാഗത ചെലവ് ജനുവരിയിൽ 3.4 ശതമാനമായി ഉയർന്നു. അതേസമയം താമസ ചെലവ് 4.5 ശതമാനത്തിൽ സ്ഥിരമായി തുടർന്നതായും സ്റ്റാറ്റിറ്റിക്സ് ഓഫ് കാനഡ പറയുന്നു.