ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം വിപുലീകരിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡന്‍സി പെര്‍മിറ്റ്, അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഇനി വിസ ഓണ്‍ അറൈവല്‍ ലഭ്യമാകും. സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡന്‍സി വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. നേരത്തെ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ താമസവിസയുള്ള ഇന്ത്യക്കാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ സൗകര്യം ലഭിച്ചിരുന്നത്. ഇതോടെ, കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു.
വിസ ഓണ്‍ അറൈവല്‍ ലഭ്യമാകുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ യുഎഇ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. അതില്‍ എത്തിച്ചേരുന്ന തിയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള സാധാരണ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നത് ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് പട്ടികയിലുള്ള യോഗ്യതയുള്ള ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസ, താമസ പെര്‍മിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എന്നിവയും ഉണ്ടായിരിക്കണം. ഈ ആവശ്യകതകള്‍ നിറവേറ്റുകയാണെങ്കില്‍ വ്യക്തികള്‍ യുഎഇ ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളില്‍ എത്തുമ്പോള്‍ വിസ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.