വാഹനങ്ങൾക്ക് മേലുള്ള താരിഫ് 25 ശതമാനമെന്ന് സൂചന, വിശദ വിവരങ്ങൾ ഏപ്രിൽ രണ്ടിന് പുറത്ത് വിടുമെന്ന് ഡോണൾഡ് ട്രംപ്

By: 600110 On: Feb 19, 2025, 9:20 AM

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കുള്ള താരിഫ് 25 ശതമാനമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഏപ്രിൽ 2 ന്   പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരവും തീരുവകളുമായി ബന്ധപ്പെട്ട് മന്ത്രിസഭാംഗങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും ഇത്.   

അമേരിക്കയിൽ നിന്നുള്ള വാഹന കയറ്റുമതിയോട് അന്യായമായ സമീപനമാണ് വിദേശ രാജ്യങ്ങളുടേതെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് മേൽ യൂറോപ്യൻ യൂണിയൻ 10 ശതമാനം തീരുവയാണ് ഈടാക്കുന്നത്. വിദേശത്ത് നിന്നുള്ള പാസഞ്ചർ കാറുകൾക്ക് മേൽ അമേരിക്ക ഈടാക്കുന്ന താരിഫ് നിരക്കായ 2.5 ശതമാനത്തിൻ്റെ നാലിരട്ടിയാണിത്. എന്നാൽ  ഇറക്കുമതി ചെയ്യുന്ന പിക്കപ്പ് ട്രക്കുകൾക്ക് 25 ശതമാനം തീരുവയാണ് യു എസ് ഈടാക്കുന്നത്. 

ഇറക്കുമതി  ചെയ്യുന്ന ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടർ ചിപ്പുകൾ എന്നിവയ്ക്ക് ഏപ്രിൽ മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.  പിന്നീട് ഒരു വർഷത്തിനുള്ളിൽ ഇതിൽ നേരിയ വർധനവുണ്ടാകുമെന്നും ട്രംപ്  പറഞ്ഞു. ട്രംപ് അധികാരമേറ്റതിനുശേഷം, നിലവിലുള്ള ലെവികൾക്ക് പുറമേ, ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.  മെക്സിക്കോയിൽ നിന്നുള്ള സാധനങ്ങൾക്കും കാനഡയിൽ നിന്നുള്ള ഊർജ്ജേതര ഇറക്കുമതികൾക്കും 25 ശതമാനം തീരുവ പ്രഖ്യാപിക്കുകയും പിന്നീട് ഒരു മാസത്തേക്ക് വൈകിപ്പിക്കുകയും ചെയ്തിരുന്നു.