ദേശസ്നേഹത്തിൻ്റെ പ്രതീകമായി ബിസിയിലെ തടാകത്തിൽ മഞ്ഞ് കൊണ്ടുള്ള കൂറ്റൻ പതാക

By: 600110 On: Feb 18, 2025, 2:49 PM

 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്കിടയിൽ അഭിമാന പ്രകടനമായി ബിസി തടാകത്തിൽ മഞ്ഞു കൊണ്ട് കൂറ്റൻ കനേഡിയൻ പതാക നിർമ്മിച്ചു. ബിസിയിലെ  മുതിർന്ന പൗരന്മാർ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചാണ് തണുത്തുറഞ്ഞ തടാകത്തിൽ ദേശസ്‌നേഹത്തിൻ്റെ പ്രതീകമായി  പതാക ഒരുക്കിയത്.   

കനേഡിയൻ പതാകയുടെ ആകൃതിയിൽ മഞ്ഞ് നിരത്തിയായിരുന്നു പതാക ഉണ്ടാക്കിയത്. കെലോനയിലെ ഹോളിഡേ പാർക്ക് റിസോർട്ടിലെ താമസക്കാരായ  സംഘമാണ് ഇതിന് പിന്നിൽ.  ശനിയാഴ്ച ഫ്ലാഗ് ദിനത്തോടനുബന്ധിച്ചായിരുന്നു പതാക ഉണ്ടാക്കിയത്. 320 അടി നീളവും 120 അടി വീതിയുമുള്ള പതാകയാണ് ഒരുക്കിയത്. സമീപത്തുള്ള കെലോന വിമാനത്താവളത്തിൽ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന വിമാനങ്ങൾക്ക് പോലും ദൃശ്യമാകുന്നത്ര വലിപ്പമുണ്ടായിരുന്നു മഞ്ഞ് പതാകയ്ക്ക്. യുഎസ് പ്രസിഡന്റിന്റെ താരിഫ് ഭീഷണികളും കാനഡ  പിടിച്ചെടുക്കുമെന്ന ഭീഷണികളും എല്ലാം കാനഡക്കാർക്കിടയിൽ ദേശസ്നേഹത്തിൻ്റെയും  ഐക്യത്തിന്റെയും ബോധം കൂടുതൽ വർദ്ധിച്ചതായി സംഘാംഗങ്ങൾ പറയുന്നു