ബ്രിട്ടീഷ് കൊളംബിയ ലോവര്‍ മെയിന്‍ലാന്‍ഡില്‍ അഞ്ചാംപനി കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രേസര്‍ ഹെല്‍ത്ത് റീജിയണില്‍ താമസിക്കുന്ന വ്യക്തിയിലാണ് അഞ്ചാംപനി ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഫ്രേസര്‍ ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. ഇയാള്‍ അടുത്തിടെ സൗത്ത്ഈസ്റ്റ് ഏഷ്യയിലേക്ക് യാത്ര ചെയ്തിരുന്നതായി ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 11 ചൊവ്വാഴ്ച ബാങ്കോക്കില്‍ നിന്ന് വാന്‍കുവറിലേക്ക് എയര്‍ കാനഡ ഫ്‌ളൈറ്റ് 66 ലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ഈ വിമാനത്തില്‍ അന്നേദിവസം യാത്ര ചെയ്തിരുന്നവര്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഫ്രേസര്‍ ഹെല്‍ത്ത് മുന്നറിയിപ്പ് നല്‍കി.
കസ്റ്റംസ്, ലഗേജ് ക്ലെയിം ഉള്‍പ്പെടെയുള്ള വിമാനത്താവളത്തിന്റെ ഇന്റര്‍നാഷണല്‍ അറൈവല്‍ ഏരിയയില്‍ രാവിലെ 7 മണിക്കും 9.30 നും ഇടയില്‍ ചെലവഴിച്ചവര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
തായ്‌ലന്‍ഡിലും സൗത്ത്ഈസ്റ്റ് ഏഷ്യയിലെ മറ്റ് ഭാഗങ്ങളിലുമുള്ള കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് വൈറസ് വ്യാപിക്കുന്നതിനുള്ള ഹോട്ട്‌സ്‌പോട്ടാക്കി മാറ്റുന്നുവെന്ന് വാന്‍കുവര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബ്രയാന്‍ കോണ്‍വേ പറഞ്ഞു.