ടൊറൻ്റോയിൽ ക്രാഷ് ലാൻഡിംഗിന് ശേഷം ഡെൽറ്റ വിമാനം തലകീഴായി മറിഞ്ഞു, 18 പേർക്ക് പരിക്ക്

By: 600084 On: Feb 18, 2025, 9:19 AM

 

 

 

ടൊറൻ്റോ: ടൊറൻ്റോ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ തിങ്കളാഴ്ച ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ എയർ ലൈൻസ് വിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ  കുറഞ്ഞത് 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ  രണ്ട് മുതിർന്നവരും  ഒരു കുട്ടിയും ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു.

മിനിയാപൊളിസ്-സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് 4819ൽ 80 പേർ ഉണ്ടായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നു. വിമാനത്തിൽ നാല് ജീവനക്കാരും 76 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അവരിൽ 22 പേർ കനേഡിയൻമാരാണ്. മറ്റ് യാത്രക്കാർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അപകടനം ഉണ്ടായ ഉടൻ എയർപോർട്ട് അടിയന്തര ജീവനക്കാർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തി യാത്രക്കാരെ വേഗത്തിൽ ഒഴിപ്പിച്ചതായി ടൊറൻ്റോ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രസിഡന്റും സിഇഒയുമായ ഡെബോറ ഫ്ലിൻ്റ് പറഞ്ഞു. 17 യാത്രക്കാരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അവർ കൂട്ടിച്ചേർത്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചതായി കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് സ്ഥിരീകരിച്ചു. ടിഎസ്ബിയുടെ അന്വേഷണത്തിൽ സഹായിക്കാൻ യുഎസ് അന്വേഷകരെ അയയ്ക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡും എഫ്എഎയും പറയുന്നു. അപകടസമയത്ത് ക്രോസ് വിൻഡ് സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ട് ഫയർ ചീഫ് ടോഡ് ഐറ്റ്കെൻ പറഞ്ഞു.

ടൊറന്റോയിൽ മഞ്ഞുവീഴ്ചയുണ്ടായിരുന്നുവെന്നും സംഭവസമയത്ത് ദൃശ്യപരത 6 മൈലായി കുറഞ്ഞുവെന്നും 20 മൈൽ വേഗതയിലും 37 മൈൽ വേഗതയിലും കാറ്റ് വീശിയെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. താപനില 17°F-ൽ വളരെ താഴെയായിരുന്നു. മിനസോട്ടയിലെ മിനിയാപൊളിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ എയർ ലൈനിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻഡവർ എയറാണ് വിമാനം പ്രവർത്തിപ്പിച്ചത്.