കൊറിയന്‍ നടി കിം സെയ്-റോണിനെ മരിച്ച നിലയില്‍ കണ്ടെത്തി

By: 600007 On: Feb 18, 2025, 4:08 AM

 

 

സോൾ: കൊറിയന്‍ സീരിസുകളിലെ ശ്രദ്ധേയ നടി  കിം സെയ്-റോണിനെ (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ലിസൻ ടു മൈ ഹാര്‍ട്ട്, ദ ക്വീൻസ് ക്ലാസ് റൂം, ഹായ്! സ്കൂൾ-ലവ് ഓൺ തുടങ്ങിയ കെ–ഡ്രാമകളിലൂടെയാണ് കിം പ്രശസ്തയായത്. ഇന്ത്യയില്‍ അടക്കം ആരാധകരുണ്ട് നടിക്ക്.  

കിമ്മിനെ കാണാനെത്തിയ സുഹൃത്താണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിൽ ആരും അതിക്രമിച്ചു കയറിയതിന്റെയോ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയോ ലക്ഷണമില്ലെന്നും മരണകാരണം ആത്മഹത്യയാകാം എന്നാണ്  പൊലീസ് പറയുന്നത്. 

2022 മേയിൽ സോളിൽ കിം മദ്യപിച്ച് വാഹനമോടിച്ചതു വലിയ ചർച്ചയായി. കേസായതോടെ കിം പരസ്യമായി മാപ്പ് പറഞ്ഞ് അഭിനയ രംഗത്ത് നിന്നും പിന്‍മാറിയിരുന്നു. സാമ്പത്തികപ്രയാസം മറികടക്കാൻ പാർട്ട്ടൈം ജോലികൾ ചെയ്താണ് നടി ജീവിച്ചിരുന്നത് എന്നാണ് വിവരം. 2024 മേയിൽ നാടകത്തിലൂടെ അഭിനയത്തിലേക്കു തിരിച്ചുവരാന്‍ നടി ശ്രമിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചു. 2023ലെ ബ്ലഡ്ഹൗണ്ട്സ് ആണ് കിമ്മിന്‍റെ അവസാന ചിത്രം.

2000 ജൂലൈ ജനിച്ച കിം ബാലനടിയായാണ് അഭിനയം ആരംഭിച്ചത്. എ ബ്രാൻഡ് ന്യൂ ലൈഫ് (2009) , ദ മാൻ ഫ്രം നോവെർ (2010) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടി. എ ഗേൾ അറ്റ് മൈ ഡോർ (2014), സീക്രട്ട് ഹീലർ (2016) എന്നീ കെ ഡ്രാമ സീരിസുകളില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 

ദക്ഷിണ കൊറിയന്‍ എന്‍റര്‍ടെയ്മെന്‍റ് മേഖലയില്‍ സമീപ വർഷങ്ങളിൽ നിരവധി യുവ സെലിബ്രിറ്റികളുടെ ആത്മഹത്യയ്ക്ക് സാക്ഷിയായിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് നടി കിം സെ റോണിന്‍റെ ആകസ്മിക മരണം