ഇന്ത്യയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടി വിദ്യാർത്ഥികളെ കണ്ടെത്തണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് മന്ത്രി മാർക്ക് മില്ലർ

By: 600110 On: Feb 17, 2025, 4:24 PM

 

ഇന്ത്യയ്ക്ക് പുറമെ  മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടി വിദ്യാർത്ഥികളെ കണ്ടെത്താൻ ശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. രാജ്യം അന്വേഷിക്കുന്നത് വൈവിദ്ധ്യമാണെന്ന് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. സർവകലാശാലകളും കോളേജുകളും ഇന്ത്യയടക്കമുള്ള ഒന്നോ രണ്ടോ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികളെയും എത്തിക്കുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും മികച്ചവരും മിടുക്കരുമല്ല എന്നല്ല ഇതിനർത്ഥമെന്നും  ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നായതിനാലാണ്  ഇന്ത്യയിൽ നിന്ന് കൂടുതൽ  വിദ്യാർത്ഥികൾ വരുന്നതെന്നും മന്ത്രി പറഞ്ഞു.  

അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കൈക്കൊള്ളുന്ന നിലപാട് കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയിലേക്ക് വരുന്നത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായിട്ടാണ്. അവർക്ക് സ്ഥിര താമസത്തിനോ കനേഡിയൻ പൗരത്വം ലഭിക്കുമെന്നതിനോ ഒരു ഉറപ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് ഗ്രാജ്വേറ്റ് വർക് പെർമിറ്റുകളുടെ കാലാവധി തീരുന്നതോടെ പതിനായിരക്കണക്കിന് വിദേശ വിദ്യാർഥികൾക്ക് വരും മാസങ്ങളിൽ ഇമിഗ്രേഷൻ പദവി നഷ്ടമാകും. പെർമനൻ്റ് റെസിഡൻസിയിലേക്കോ, മറ്റ് വിസകളിലേക്കോ മാറാത്ത പക്ഷം ഇവർക്ക് കാനഡയിൽ തുടരാനാകില്ല. ഇവരുടെ കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്നും മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി.