കാനഡ-യുഎസ് അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട നിഷേധാത്മക അഭിപ്രായങ്ങളും ചർച്ചകളും തുടർന്നാൽ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ അടക്കം ദോഷകരമായി ബാധിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം ഒരു സർക്കാർ റിപ്പോർട്ട് മുന്നറിയിപ്പ് നല്കിയിരുന്നതായി വാർത്ത. വാഷിങ്ടണിലെ കനേഡിയൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. വടക്കൻ അതിർത്തിയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള യുഎസിൻ്റെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സുരക്ഷിതമായ അയൽരാജ്യമെന്ന കാനഡയുടെ പ്രതിച്ഛായയെ അത് ബാധിച്ചേക്കാമെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്കയിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. കാനഡയിൽ നിന്നുള്ള ക്രമരഹിതമായ കുടിയേറ്റത്തെയും ഫെൻ്റനൈലിനെയും കുറിച്ച് യുഎസിനുള്ള ആശങ്കകളെക്കുറിച്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത്തരം പല ആശങ്കകളും തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. അമേരിക്കയിലെ കാനഡയുടെ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ ഉൾപ്പെടെയുള്ള വിവിധ ഫെഡറൽ ഉദ്യോഗസ്ഥർക്ക് ഈ റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുള്ള ശുപാർശകൾ, സർക്കാർ ചർച്ചകളുടെ രേഖകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ രേഖയുടെ ചില ഭാഗങ്ങൾ പരസ്യമാക്കിയിരുന്നില്ല.